റാന്നി : കടൽ കാഴ്ചകളും കാനന ഭംഗിയും കായലനുഭവവും മാന്ത്രിക കാഴ്ചകളും ആവോളം നുകർന്നു കുട്ടികൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു. വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി.എം.എസ് എല്‍.പി സ്കൂളിലാണ് വ്യത്യസ്തകൊണ്ട് വിസ്മയം തീര്‍ത്ത പ്രവേശനോത്സവം നടത്തിയത്. കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി ഒരുക്കിയ കെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറിയിൽ കയറുവാനുള്ള ആവേശത്തിലായിരുന്നു കുട്ടികൾ.
പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് അന്തരീക്ഷത്തിൽ നിന്നും മിഠായിയും പൂക്കളും നോട്ട് ബുക്കുകളും നൽകി മാജിക് അങ്കിൾ ഷിബുമോൻ പത്തനംതിട്ട കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. തുടർന്ന് സാനിട്ടയിസർ, വാക്സിൻ, മാസ്ക്, ഇവ ഉപയോഗിച്ച് മാന്ത്രികൻ കൊറോണയെ മാജിക്കിലൂടെ അപ്രത്യക്ഷമാക്കി കുട്ടികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു. പുതിയതായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ കെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറിയിലിരുത്തി ആദ്യ പാഠം പകർന്നു നൽകി. പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, വാർഡ് മെമ്പർ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, ടി. കെ. രാജൻ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, എം. എം ജോൺ, ഈ ജെ മത്തായി, ജോജി തോമസ് വർക്കി, സാം. സി മാത്യു, എം. ടി. മത്തായി, പി. ടി. മാത്യു, എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. എല്‍.എസ്.എസ് വിജയികൾക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് വിതരണം ചെയ്തു. കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്ത അതിനുള്ളിലായിരുന്നു കെട്ടു വള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറി ഒരുക്കിയത്.
കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേർന്നത്തോടെ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെയാണ് മാതൃക ഒരുക്കിയത്. കാനന യാത്ര പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളും കുട്ടികളെ ഏറെ ആകർഷിച്ചു. വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ഈ ക്ലാസ്സിലേക്ക് ആനയിച്ചത് ആനയും കടുവയും ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
വിദ്യാലയത്തിലെ അക്വേറിയ കാഴ്ചയും കുട്ടികൾക്ക് വിസ്മയമായി മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു. സ്കൂളിലെ അധ്യാപകനായ ബിബിൻ എം ജെ യാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു.