തിരുവനന്തപുരം : ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി വേണു അധ്യക്ഷത വഹിക്കും.
വനം വകുപ്പ് റിട്ട. പി സി സി എഫ്. വി കെ ഉണ്ണിയാല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ആവാസ വ്യവസ്ഥ പുനഃസ്ഥാപനം എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പ്രമേയം. 2021 മുതല്‍ 2030 വരെയുള്ള പത്ത് വര്‍ഷം ആവാസ വ്യവസ്ഥ പുനഃസ്ഥാപന ദശകമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.
“എന്റെ ഒരു മരം നാളേക്കൊരു ഫലം’ എന്ന പേരില്‍ കുടുംബാംഗങ്ങള്‍ ഒന്നായി അവരുടെ പേരില്‍ വീട്ട് പറമ്പില്‍ ഓരോ മരം വെച്ചുപിടിപ്പിക്കും. പൊതുസ്ഥലങ്ങള്‍, സ്ഥാപന പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് മരം നടുക. അതിജീവനത്തിന്റെ കരുതലായി അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു.