ഈ ദിവസത്തിന് വേണ്ടി നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു വിജയ് ആരാധകര്‍. ലോകേഷ് കനകകരാജ് – വിജയ് കൂട്ടുകെട്ടില്‍ സംഭവിച്ച ലിയോ ഇന്ന് തിയേറ്ററിലെത്തി. തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ നടത്താന്‍ അനുവദി ലഭിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കടുത്ത വിജയ് ആരാധകര്‍ കേരളത്തിലും ബാംഗ്ലൂരിലും എല്ലാം എത്തിയാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്. ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന സൂപ്പര്‍ പടമാണ് ലിയോ എന്നാണ് സിനിമയ്ക്ക് വരുന്ന ആദ്യ പ്രതികരണങ്ങള്‍. ഹിമാചൽപ്രദേശിലെ ഒരു ഗ്രാമത്തിൽ ആനിമൽ റസ്ക്യൂവറും കോഫി ഷോപ്പ് ഉടമയുമാണ് പാർഥിപൻ എന്ന പാർഥി. 20 വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ പാർഥിപന്റെയും കുടുംബത്തിനെയും ചുറ്റിയാണ് ലിയോയുടെ കഥ പറയുന്നത്.
അച്ഛനായും ഭർത്താവായും സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന പാർഥിപന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവം കാര്യങ്ങളാകെ മാറ്റി മറിക്കുന്നു. ആ സംഭവത്തോടെ പാർഥി നാട്ടിലെ ഒരു ഹീറോയാകുന്നു. അവിടെ നിന്ന് കഥയുടെ ഗതിയും മാറുകയാണ്. 20 വര്‍ഷങ്ങൾക്കു മുമ്പ് മരിച്ചുപോയ ലിയോ എന്ന ഗാങ്സ്റ്ററാണ് പാർഥിപൻ എന്ന സംശയത്തോടെ ദാസ് ആൻഡ് കോ എന്ന് പുകയിലെ മാഫിയയിലെ ഡോൺ ആന്റണി ദാസ് ഹിമാചലിലെത്തുന്നതോടെ ‘ലിയോ’ ഹൈ ആക്‌ഷൻ ഗിയറിലേക്ക് മാറുന്നു. ആരാണ് ലിയോ? എന്താണ് ലിയോയും പാർഥിപനും തമ്മിലുള്ള ബന്ധം? ആന്റണി ദാസും അനിയൻ ഹറോൾഡ് ദാസും ലിയോയെ തേടി വരുന്നത് എന്തിന്? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് സെക്കൻഡ് ഹാഫ്.
പാർഥിപൻ എന്ന കോഫിഷോപ് ഉടമയായി വിജയ്‌യും ഭാര്യ സത്യയായി തൃഷ കൃഷ്ണനും മകനായി മലയാളത്തിൽ നിന്ന് മാത്യുസും ആന്റണി ദാസായി സഞ്ജയ് ദത്തും ഹറോൾഡായി ആക്ഷൻ കിങ് അർജുനും തിളങ്ങി. ഹിമാചലിന്റെ ഭംഗിയൊപ്പിയെടുക്കുകയും ഒപ്പം ആക്‌ഷൻ രംഗങ്ങളുടെ തീവ്രത ചോരാതെ ഫ്രെയിമുകൾ ഒരുക്കുകയും ചെയ്ത മനോജ് പരമഹംസ, ഇതുവരെ കാണാത്തത്ര മികവിൽ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് മാസ്റ്റേഴ്സും കയ്യടി അർഹിക്കുന്നു. തമിഴകത്തുനിന്നും ആയിരം കോടി ക്ലബ്ബിലെത്തുന്ന ആദ്യ സിനിമയാകുമോ ലിയോ എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ലോകം. ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറിയെന്ന ക്ലീഷേ ഒഴിവാക്കിയാൽ സിനിമയിൽ എല്ലാവരെയും ഞെട്ടിക്കാൻ പോന്ന ചേരുവകൾ ഉണ്ടെന്ന് കണ്ടിറങ്ങിയവർ പറയുന്നു.