തിരുവനന്തപുരം: പാനൂര്‍ കുന്നോത്ത് പറമ്പിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളും പരസ്പരം അക്രമിക്കാന്‍ ബോംബ് നിര്‍മ്മിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
ഇപി ജയരാജന്റെ കുറിപ്പ്: 2011 ഫെബ്രുവരി 26ന് രാത്രി നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിന്നടയില്‍ സ്‌ഫോടനത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. റഫീഖ്, ഷെമീര്‍, റിയാസ്, ഷബീര്‍, സാബിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നാദാപുരം പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായി ബോംബ് നിര്‍മ്മിച്ചത്. അതേ നാദാപുരം കൂടി ഉള്‍പ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും യുഡിഎഫ് നേതാക്കളും പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണ്.
പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നു. പക്ഷെ, മാധ്യമങ്ങള്‍ അത് മുക്കിയത് ആരെ സഹായിക്കാനാണ്. കൈവേലിക്കല്‍ കുഴിമ്പില്‍ ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് രണ്ട് സംഘങ്ങള്‍ തമ്മില്‍ 2-3 തവണകളായി ഏറ്റുമുട്ടിയിരുന്നു. അതില്‍ ഒരു സംഘം ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതും ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതും. ഇതിനെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും സിപിഐഎമ്മിനും എല്‍ഡിഎഫിനുമെതിരെ രാഷ്ട്രീയായുധമാക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അടുങ്കുടി വയലിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. അന്ന് കൈവേലിക്കല്‍ കുഴിമ്പില്‍ സംഘം കുന്നോത്ത് പറമ്പില്‍ സംഘവുമായി ഏറ്റുമുട്ടി. ഇതിന് തുടര്‍ച്ചയായി കുന്നോത്ത് പറമ്പില്‍ സംഘം കുഴിമ്പില്‍ ക്ഷേത്ര പരിസരത്ത് എത്തുകയും തിരിച്ചടിക്കുകയും ചെയ്തു. ക്ഷേത്രോല്‍സവം നടന്ന മാര്‍ച്ച് 8ന് അര്‍ധരാത്രിക്ക് ശേഷം കുഴിമ്പില്‍ സംഘം കുന്നോത്ത്പറമ്പിലെത്തി ബോംബെറിയുകയും ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കുന്നോത്ത് പറമ്പില്‍ സംഘം ബോംബ് നിര്‍മ്മിക്കുകയായിരുന്നുവെന്ന് സംഭവത്തില്‍ പങ്കെടുത്ത പ്രതികള്‍ അന്വേഷണത്തില്‍ മൊഴി നല്‍കി. രണ്ട് വിഭാഗങ്ങളും പരസ്പരം അക്രമിക്കാന്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ല എന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട സംഘത്തില്‍ പെട്ട ഒരാള്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്. സിപിഐഎം പ്രവര്‍ത്തകരുടെ വീട് അക്രമിച്ച കേസില്‍ പ്രതികളാണ് രണ്ട് പേര്‍. സ്ഫോടനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഇത്രയും പച്ചയായി വ്യക്തമായിട്ടും മാധ്യമങ്ങളും പ്രതിപക്ഷവും ബോംബ് രാഷ്ട്രീയം തുടരുകയാണ്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന അത്യന്തം ദേശീയ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയമായി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പ്. പക്ഷെ ഇതൊന്നും പറയാന്‍ ത്രാണിയില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്ന യുഡിഎഫിനും ബിജെപിക്കും വീണ് കിട്ടിയ ആയുധമാണ് പാനൂരിലെ സ്ഫോടനം. കോണ്‍ഗ്രസും ലീഗും ബിജെപിയുമെല്ലാം രാഷ്ട്രീയ ആവശ്യത്തിന് ബോംബ് നിര്‍മ്മിക്കുമ്പോള്‍ പൊട്ടിയ സംഭവങ്ങള്‍ ഏറെയാണ്. നാദാപുരത്ത് അഞ്ച് പേര്‍ കൊല്ലപ്പെട്ടത് മാത്രമല്ല ഇത്. 2013ല്‍ പാന്നൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ നാല് പേരുടെ നില ഗുരുതരമായിരുന്നു. ഇവരില്‍ പലരും ഇപ്പോഴും അംഗവൈകല്യത്തോടെയാണ് കഴിയുന്നത്.ഒരാളുടെ കണ്ണ് പോയി. മറ്റൊരാളുടെ കൈപ്പത്തികള്‍ തകര്‍ന്നു. മറ്റ് രണ്ട് പേര്‍ക്കും അംഗവൈകല്യം സംഭവിച്ചു.
മൊകേരി വളള്യായില്‍ വീട്ടില്‍ നിന്നും ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ രണ്ട് കൈപ്പത്തികളും തകര്‍ന്നത്. മുതലെടുപ്പിന് ശ്രമിക്കുന്ന ആര്‍എസ്എസ്-ബിജെപിയുടെ ചരിത്രവും പരിശോധിക്കണം. ചെറുവാഞ്ചേരിയില്‍ നിര്‍മ്മിച്ച ബോംബ് മാറ്റുന്നതിനിടെയും തൊട്ടടുത്ത് പൊയിലൂര്‍രില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയും രണ്ട് വീതം ആര്‍എസ്എസുകാരാണ് കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്ത് ആലക്കാട് ബിജുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നത് 2022 ജനുവരി 30നാണ്. അന്ന് രഹസ്യമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയാണ് ആര്‍എസ്എസ് നേതൃത്വം ചികില്‍സിപ്പിച്ചത്. അതിന് ശേഷം ഏതാനും മാസം മുമ്പ് വീണ്ടും ബിജുവിന്റെ വീട്ടില്‍ ബോംബ് സ്ഫോടനമുണ്ടായി.
1994 ല്‍ ഇന്ത്യാ ടുഡെ പുറത്ത് വിട്ട വാര്‍ത്തയില്‍ ഒരു ചിത്രം ഉണ്ടായിരുന്നു. അത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നും ബോംബ് നിര്‍മിക്കുന്നതിന്റെ ചിത്രമായിരുന്നു. അന്ന് ഇന്നത്തെ കെപിസിസി പ്രസിഡന്റ് കേരളത്തിലെ മന്ത്രി കൂടിയായിരുന്നു. അന്ന് റിപ്പോര്‍ട്ടര്‍ ചെന്നപ്പോള്‍ നാല് തരം ബോംബിനെ കുറിച്ചെല്ലാം കോണ്‍ഗ്രസുകാര്‍ വാചാലരായി. ആലംകോട് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അന്ന് കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞു. അന്ന് സിഐക്ക് പരിക്കേറ്റു. അത്തരത്തില്‍ അക്രമങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്താകെയും പ്രത്യേകിച്ച് കണ്ണൂരിലും നേതൃത്വം നല്‍കിയവരാണ് കോണ്‍ഗ്രസുകാര്‍. അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് ഇന്നത്തെ കെപിസിസി അദ്ധ്യക്ഷന്‍. അതൊന്നും ചരിത്രത്തില്‍ നിന്നും മായുകയുമില്ല. ആരും മറക്കുകയുമില്ല. അത്തരക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണവേലകള്‍ ജനം തിരിച്ചറിയും.