കൊച്ചി: എറണാകുളം ജില്ലയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പുഴകളില്‍ വെള്ളം പൊങ്ങിയതോടെ കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ ഇതിനകം വെള്ളം കയറിത്തുടങ്ങി. ഭൂതത്താന്‍കെട്ട് തടയണയുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുള്ളതിനാല്‍ പെരിയാറിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തുകയാണെന്നും പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വൈകിട്ട് ഏഴോടെ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പന്നിയാര്‍ പുഴയിലേക്ക് വെള്ളമൊഴുക്കും.