കോട്ടയം: പോലീസിന്‍റെ ഉടമസ്ഥതയിലുളള ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ കോട്ടയം എസ്പിക്കെതിരെ ഇടത് എംഎല്‍എ. എസ്പി കെ.കാര്‍ത്തിക്കിനെതിരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. ഈരാറ്റുപേട്ടയെയാകെ മോശമായി ചിത്രീകരിച്ചു എന്ന വ്യാഖ്യാനത്തോടെ ശക്തിപ്പെടുന്ന വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് എസ്.പി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഏതാണ്ട് രണ്ടേ മുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്.
പോലീസിന്റെ കൈവശമുള്ള ഈ ഭൂമിയില്‍ നിന്ന് 50 സെന്റ് സ്ഥലം സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം കൈമാറാനാവില്ലെന്ന് കാണിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചു. ഈ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.