കൊച്ചി: അനുമതിയില്ലാതെ ഫ്‌ലാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തി ഉപഭോക്താവിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിക്ക് 2,85,000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് പിഴ വിധിച്ചത്. പരാതിക്കാരന്‍ എറണാകുളം വൈറ്റില സ്വദേശി ജേക്കോ ആന്റണി, ഗാലക്‌സി ഹോംസ് എന്ന സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഒന്‍പതാമത്തെ നിലയില്‍ രണ്ട് കിടപ്പുമുറികള്‍ അടങ്ങുന്ന ഫ്‌ലാറ്റ് 2017 ജൂണ്‍ മാസത്തിലാണ് ബുക്ക് ചെയ്തത്. ബുക്കിങ് ഫീസായി 25,000 രൂപയും പിന്നീട് ബുക്കിങ് നിബന്ധനകള്‍ പ്രകാരം ഏഴ് ലക്ഷം രൂപയും നല്‍കി. ഒന്‍പത് നിലകള്‍ നിര്‍മിക്കുന്നതിനുള്ള സാധുവായ അനുമതികളുമുണ്ടെന്നും ബാങ്ക് വായ്പയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും കമ്പനി ഉപഭോക്താവിന് ഉറപ്പ് നല്‍കിയിരുന്നു.
പിന്നീട് പരാതിക്കാരന്‍ ഹോം ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഏഴാംനില വരെ പണിയുന്നതിന് മാത്രമാണ് നിര്‍മാണ കമ്പനിക്ക് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കിയത്. ഇക്കാരണത്താല്‍ ബാങ്ക് ലോണ്‍ നിരസിക്കപ്പെട്ടു. ഇതോടെ, മുന്‍കൂറായി നല്‍കിയ തുക തിരികെ ആവശ്യപ്പെട്ട് പരാതിക്കാരന്‍ കമ്പനിയെ സമീപിച്ചു. മുന്‍കൂര്‍ തുകയായി നല്‍കിയ 7,25,000 രൂപയില്‍ രൂപയില്‍ 5 ലക്ഷം രൂപ മാത്രമാണ് ആവര്‍ത്തിച്ചുള്ള ആവശ്യപ്പെടലുകള്‍ക്കും നോട്ടീസുകള്‍ക്കും ശേഷം പല ഗഡുക്കളായി കമ്പനി തിരികെ നല്‍കിയത്. ‘ സ്വന്തമായിഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാല്‍ യാതൊരു മനഃസാക്ഷിയുമില്ലാത്ത ചില കെട്ടിട നിര്‍മാതാക്കള്‍ ആ സ്വപ്നങ്ങള്‍ തകര്‍ത്തുകളയുന്നു. ഇതിന് മൂക സാക്ഷിയാകാന്‍ ഇനി കഴിയില്ല’ – ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്തമാക്കി.