എറണാകുളം : എറണാകുളം ജില്ലയിലെ പ്രസിദ്ധമായ മലയാറ്റൂർ പള്ളിക്ക് സമീപം ഇല്ലിത്തോട് വനമേഖലയിൽ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന കരിങ്കൽ ക്വോറിയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നു. ക്വാറികളിൽ രാവിലെ ആറ് മണിക്ക് ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവു എന്നിരിക്കെ രാവിലെ അഞ്ച് മണി മുതൽ ദിവസം നൂറ് കണക്കിന് ടോറസ് ലോറികളിലാണ് ഇവിടെനിന്നും പാറ പോകുന്നത്. ലോറികളില്‍ നിറക്കാനായ് വെളുപ്പിന് മൂന്ന് മണി മുതൽ വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തുന്നത് ഇവിടെ പതിവാണ്.
വിളിപ്പാടകലെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടപ്പെട്ടവർക്ക് ശമ്പളവും കിമ്പളവും യഥേഷ്ടം ലഭിക്കുന്നതുകൊണ്ട് മിക്കവാറും നിശബ്ദരാണ് എല്ലാവരും. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇല്ലാതാക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനരീതി.
രണ്ട് മാസം മുമ്പ് ഇവിടെ നടക്കുന്ന നിയമ ലംഘനങ്ങൾക്കെതിരെ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന പത്രപ്രവർത്തക എറണാകുളം ജില്ലാ കളക്ടർക്കും ക്വാറിസ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിക്കും പരാതികൾ നൽകിയെങ്കിലും കളക്ടർ ഇതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ മാധ്യമ പ്രവർത്തക നൽകിയ പരാതി ചവിറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയാണ് ഉണ്ടായത്. നല്‍കിയ പരാതികളിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ച് നടപടിയെടുത്തിരുന്നുവെങ്കിൽ രണ്ട് യുവാക്കളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഈ ക്വാറിയെക്കുറിച്ചുള്ള പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയാല്‍ പ്രസ്തുത പരാതിയുടെ ഒറിജിനൽ കോപ്പി തന്നെ കളക്ട്രേറ്റിൽ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ക്വാറി മാഫിയകളുടെ കയ്യിലെത്തും. ജില്ലാ കളക്ടറുടെ അനാസ്ഥയായി മാത്രമേ ഈ അപകടത്തെ കാണുവാന്‍ കഴിയു.
ക്വാറി ഉടമകളെ അറസ്റ്റിൽ നിന്ന് ഒഴിവാക്കാനായി വന്‍തുക കൈക്കൂലി നല്‍കിയെന്ന ആരോപണവും ഉയരുന്നുണ്ട്. കേസിൽ ആരോപണ വിധേയനായി അന്വേഷണം നേരിടുന്ന പെരുമ്പാവൂർ ഡിവൈഎസ്പിയ്ക്ക് ഇരുപഞ്ച് ലക്ഷം രൂപ നൽകിയതായി പോലീസുകാരും നാട്ടുകാരും രഹസ്യമായി പറയുന്നു. കാലടി പോലിസ് സ്റ്റേഷനില്‍ വേണ്ട ചെലവുകള്‍ ചെയ്തു നൽകുന്ന ക്വാറി മുതലാളിമാരെ കേസിൽ നിന്ന് രക്ഷിക്കാൻ ചില ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.