തിരുവനന്തപുരം: കോവളത്ത് 2021 നവംബറില്‍ പോലീസ് കണ്ടെത്തിയ അമേരിക്കന്‍ പൗരന്‍ ഇര്‍വിന്‍ ഫോക്സ് (77) രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു.പാലിയം ഇന്ത്യയുടെ പരിചരണത്തിലായിരുന്നു ഇര്‍വിന്‍ കഴിഞ്ഞിരുന്നത്.കോവളം ബീച്ച് ടൗണിലെ ഒരു ഹോട്ടലില്‍, പട്ടിണിയും വേദനയുമായി പുഴുവരിച്ച നിലയിലാണ് ഇര്‍വിന്‍ ഫോക്‌സിനെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ സാന്ത്വനപരിചരണത്തില്‍ പ്രാവീണ്യമുള്ള ജീവകാരുണ്യ സംഘടനയായ പാലിയം ഇന്ത്യയുടെ ഈഞ്ചക്കലിലെ പരിചരണവിഭാഗത്തില്‍ ഇര്‍വിനെ പ്രവേശിപ്പിച്ചു.
ചികിത്സയെ തുടര്‍ന്ന് അല്‍പ്പം സുഖം പ്രാപിച്ച ഇര്‍വിന് സംസാരിക്കാനും എഴുന്നേറ്റിരിക്കുവാനും കഴിഞ്ഞുവെങ്കിലും നടക്കാന്‍ കഴിയുമായിരുന്നില്ല. സ്വന്തം നാട്ടിലെത്തിക്കാന്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ പാലിയേറ്റീവ് ക്ലിനിക്കില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇര്‍വിന്‍ ഫോക്സ് കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. ഒരു വീഴ്ചയെത്തുടര്‍ന്ന് ചലനരഹിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.മൃതദേഹം തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണമായിരിക്കും അനന്തര നടപടികള്‍ സ്വീകരിക്കുക. പൂന്തുറ പോലീസും പാലിയം ഇന്ത്യ ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.