കോട്ടയo : ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഏറ്റുമാനൂരിലെ നിലവിലെ അവസ്ഥ ആശങ്കജനകമാണെന്ന് മന്ത്രി പി.തിലോത്തമന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധന ഫലത്തിലാണ് 45 പേര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. 65 പേര്‍ക്കാണ് ആകെ പരിശോധന നടത്തിയത്. ഇതില്‍ 45 പേര്‍ക്കും രോഗം കണ്ടെത്തിയതോടെ ഏറ്റുമാനൂര്‍ പ്രത്യേക ക്ലസ്റ്ററായി ജില്ലാഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്തെ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്. രോഗവ്യാപ്‌തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക്ക്ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.