ലണ്ടന്‍: വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിന് ചൈനീസ് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ക്ടോക്കിന് 600 മില്യണ്‍ യുഎസ് ഡോളര്‍ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യൻ യൂണിയൻ സ്വകാര്യതാ നിരീക്ഷണ ഏജൻസിയാണ് നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഭീമമായ തുക പിഴ ചുമത്തിയത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.ടിക് ടോക്കിന്റെ ഡാറ്റാ കൈമാറ്റത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ഒരു അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴകളിലൊന്നാണിത്.
അതേസമയം യൂറോപ്യൻ യൂണിയൻ പിഴയ്‌ക്കെതിരെ അപ്പീൽ നൽകാനാണ് ടിക്ടോക്കിന്റെ തീരുമാനം. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് സംബന്ധിച്ച് വ്യക്തമായ മറുപടിയില്ലാത്തതിനാല്‍ അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനും ടിക് ടോക്കിന് പിഴ ചുമത്തിയിരുന്നു. ആറ് മാസത്തിനുള്ളിൽ നിയമങ്ങൾ പാലിക്കാനായിരുന്നു കമ്പനിയോട് ഉത്തരവിട്ടിരുന്നത്. ഇതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ തന്നെ പിഴ ചുമത്തുന്നത്.
ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈറ്റ്ഡാൻസിന്റെ മാതൃ കമ്പനിയായ ടിക് ടോക്ക്, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് യൂറോപ്പിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. ടിക് ടോക്കിന്റെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം അയര്‍ലാന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലായതിനാല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് ഐറിഷ് ദേശീയ വാച്ച്ഡോഗ് ആണ്. കുട്ടികളുടെ ഡാറ്റയുമായി ബന്ധപ്പെട്ട യൂറോപ്യൻ നിയമങ്ങൾ ലംഘിച്ചതിന് 2023ല്‍ അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) 345 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു.