മാഡ്രിഡ്: ഈ വർഷത്തെ “യൂറോവിഷൻ” സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ. ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ മാറ്റിനിർത്തുന്ന കാര്യം ആലോചിക്കണമെന്നു കാണിച്ച് സ്‌പെയിനിന്റെ ദേശീയ ടെലിവിഷൻ ചാനലായ ആർടിവിഇ സംഘാടകർക്ക് കത്തുനൽകി. യൂറോപ്പിലെ ടെലിവിഷൻ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ (ഇ.ബി.യു) സംഘടിപ്പിക്കുന്ന യൂറോവിഷൻ, വൻകരയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ്. മെയ് മാസത്തിൽ സ്വിറ്റ്‌സർലന്റിലെ ബേസൽ നഗരത്തിലാണ് 2025-ലെ മത്സരം അരങ്ങേറുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ സ്‌പെയിനിൽ വ്യാപക പ്രതിഷേധമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യം കൂടി പരിഗണിച്ച ശേഷമേ പരിപാടിയുമായി മുന്നോട്ടുപോകാവൂ എന്നും സംഘാടകർക്കയച്ച കത്തിൽ ആർടിവിഇ വ്യക്തമാക്കി.
‘സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്ക് യൂറോവിഷനെ ഞങ്ങൾക്ക് പിന്തുണക്കുന്നു. എന്നാൽ ഗസ്സയിലെ അക്രമങ്ങളിൽ ഇസ്രായേലിനുള്ള പങ്ക് ചോദ്യം ചെയ്യുന്ന സ്‌പെയിനിലെ ജനങ്ങളുടെയും സംപ്രേക്ഷകരുടെയും വികാരം കൂടി ഉൾക്കൊള്ളണം. ഈ വർഷം ഇസ്രായേൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര ചർച്ചയുണ്ടാകണം’ എന്ന് ചാനലിന്റെ എഡിറ്റോറിയൽ മേധാവി അന മരിയ ബൊർദാസ് എഴുതിയ കത്തിൽ പറയുന്നു. യൂറോവിഷൻ മുന്നോട്ടുവെക്കുന്ന സമഗ്രത, വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ തുടങ്ങിയ മൂല്യങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നവർ പാലിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.