തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനോടനുബന്ധിച്ച് നടന്ന യുവജന, സണ്ടേസ്കൂൾ, ഡിഎംസി സംയുക്ത മിഷനറി സമ്മേളനം ശ്രദ്ധേയമായി. സുവിശേഷത്തിനും പത്ഥ്യോപദേശത്തിനും വേണ്ടി നിലകൊള്ളണമെന്നും ദർശനം മങ്ങിപോകുന്ന യുവ തലമുറയ്ക്ക് പുതു ദൈവിക ദർശനങ്ങളിലൂടെ ജീവൻ നൽകുന്ന വചനത്തോടു കൂടി ദൈവ സ്നേഹത്തിന്റെ മുഖം ആയിത്തീരുവാൻ ഇടയായി തീരണമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ദേഹം പറഞ്ഞു. അന്ധകാര ലോകത്തിൽ അനിവാര്യമായിരിക്കുന്ന പ്രകാശമാണ് ദൈവവചനമെന്നും വചന പ്രകാശത്തിൽ മനുഷ്യൻ നടക്കുമ്പോൾ ആണ് ദൈവഹിതത്തിന് കീഴ്‌പ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബ്രദർ മനു റസൽ പറഞ്ഞു. സെക്രട്ടറിമാരായ റവ. അനിഷ് മാത്യു, റവ. സജി ഏബ്രഹാം, റവ. അനിഷ് തോമസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
80 അംഗ സണ്ടേസ്കൂൾ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. യുവജന പ്രവർത്തന ബോർഡ് അഖിലേന്ത്യ ബൈബിൾ ക്വിസ്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ, മിസ്‌മോർ സംഗീത മത്സരം, ഇടയാറന്മുള മൊട്ടക്കൽ എം എം ജോർജ് & ശോശാമ്മ ജോർജ് മെമ്മോറിയൽ മെറിറ്റ് അവാർഡ് തുടങ്ങി വിവിധ രംഗങ്ങളിൽ വിജയികളായവർക്ക് പ്രിസൈഡിങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമ്മാനദാനം നടത്തി. സെപ്റ്റംബറിൽ കുമ്പനാട്ട് നടത്തപ്പെടുന്ന ത്രൈവാർഷിക യുവജന ക്യാമ്പിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു. യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിച്ച യുവദർശനം പഠന സഹായി, ആരാധന ക്രമം ട്രാൻസ്ലിറ്ററേറ്റഡ് പതിപ്പും മിഷനറി യോഗത്തിൽ പ്രകാശനം ചെയ്തു. ഉച്ചക്ക് പന്തലിൽ ബസ്ക്യാമ്മ ഫെലോഷിപ്പും മെഡിക്കൽ ഫെലോഷിപ്പ് യോഗവും നടന്നു.
ഉച്ചക്ക് ശേഷം വിദ്യാഭ്യാസ ബോർഡിന്റെ മിഷനറി യോഗത്തിൽ സാജു ജോൺ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, വിവിധ സംസ്ഥാന ബോർഡുകളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പും വിതരണം ചെയ്തു. പ്രൊഫ. ഡോ. ജോസി വർഗീസ്, കെ.എം ചെറിയാൻ, ഡോ. ദീപക്ക് ജോൺ ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ്പ് ഏ.ഐ അലക്സാണ്ടർ, റവ. സാം മാത്യു, ക്യാപ്റ്റൻ ടി.എം ചെറിയാൻ, റവ. ആർ.പി. ബാബു, റവ. കെ.ജി മാത്യു പ്രാർത്ഥനക്ക് നേതൃത്വം നൽകി. വൈകിട്ടത്തെ യോഗത്തിൽ ട്രൈബൽ മിഷൻ ഡയറക്ടർ ഡോ. കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റെണി കൂടത്തിങ്കൽ പ്രസംഗിച്ചു. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റിക്കുള്ള സഭയുടെ വിഹിതം വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു കൈമാറി. കൺവൻഷൻ ഇന്ന് സമാപിക്കും. രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ കാർമികത്വത്തിൽ കൺവൻഷൻ പന്തലിൽ തിരുവത്താഴ ശുശ്രൂഷ നടത്തപ്പെടും.
9 ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും, രാഷ്ട്രത്തെ ഓർത്തു കൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥനയും സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തിൽ നടക്കും. തുടർന്ന് 65 -ാമത് സഭാ ദിന സ്തോത്രശുശ്രൂഷയിൽ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ സഭാദിന സന്ദേശം നൽകും. പൂർണ്ണസമയ സുവിശേഷ വേലക്കായി സമർപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷയും സുവിശേഷ പ്രവർത്തന ബോർഡിന്റെ മിഷനറി യോഗവും സമാപന പൊതുസമ്മേളനവും ഉണർവിൻ വർഷാചരണ പ്രഖ്യാപനവും തുടർന്ന് നടക്കും. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകും.