തിരുവനന്തപുരം : വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. രണ്ടാഴ്ചയായി നീളുന്ന സമരം. ആവശ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ് ആശമാർ. കേരളത്തിലെ ഏറ്റവു ജനവിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറരുതെന്നും മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു.
ആശാവർക്കർമാർക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമരവേദിയിലേക്ക് മാർച്ച് നടത്തി. നിരോധിത സംഘടനകളുടെ പിന്തുണയോടയാണ് സമരമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.
സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല. സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. മറ്റന്നാൾ വിവിധ ജനകീയ സമരസമിതികളുടെ നേതാക്കളെ അണിനിരത്തി ആശവർക്കർമാർക്ക് പിന്തുണയുമായി ഐക്യദാർഢ്യറാലി സംഘടിപ്പിക്കും.