തിരുവനന്തപുരം : ലൈംഗിക പീഢന കേസില്‍ അറസ്റ്റിലായ എംഎല്‍എ മുകേഷിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ട്. അറസ്റ്റിലായെങ്കിലും അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. കോടതി ഒരു നിഗമനത്തില്‍ എത്തുമ്പോള്‍ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടതെന്നും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎല്‍എ സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. മരട് പോലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.
പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി തീരദേശ പോലീസ് ഓഫീസില്‍ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിന്‍ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചിരുന്നു.