പത്തനംതിട്ട : ആയിരകണക്കിന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്‌ത് വിളമ്പുന്ന തങ്ങള്‍ മുണ്ടു മുറുക്കി ഉടുത്ത് ദിവസങ്ങള്‍ തള്ളിനീക്കേണ്ട അവസ്ഥയിലാണെന്നും ജീവിതം ദുരിതപൂര്‍ണമായിട്ടും സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്നും സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍. മൂന്ന് മാസത്തെ ശമ്പളം ഇപ്പോഴും കുടിശികയാണ്.ശരാശരി 20 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്. ഇതനുസരിച്ച് 20 ദിവസത്തിന് 12,000 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. 3, 4 മാസം കൂടുമ്പോള്‍ രണ്ടു മാസത്തെ വേതനത്തില്‍ നിന്നും ആയിരവും രണ്ടായിരവും പിടിക്കാറുണ്ട്. ചോദ്യം ചെയ്യാന്‍ പറ്റില്ല. കാരണം പ്രതികരിക്കുന്നവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന ഭീഷണി ഉള്ളതിനാല്‍ ആരും മിണ്ടാറില്ല. തൊണ്ണൂറു ശതമാനത്തിലധികവും സ്‌ത്രീകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അഞ്ഞൂറ് കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്ന കണക്കിലാണ് ഇപ്പോള്‍ സ്‌കൂളുകളിലെ ഊട്ടുപുരകളുടെ പ്രവര്‍ത്തനം.
ചോറും രണ്ട് കൂട്ടം കറികളും തയ്യാറാക്കി വൈകിട്ടോടെ മാത്രമെ വീട്ടില്‍ പോകാന്‍ പറ്റുകയുള്ളു. പാത്രങ്ങളൊക്കെ കഴുകാന്‍ മറ്റാരുടെയും സഹായമില്ല. കഠിനാദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാത്ത സ്ഥിതിയാണ്. മുപ്പത് വര്‍ഷത്തിലധികമായി ഈ മേഖലയില്‍ തുടര്‍ന്നിട്ടും ജോലി സ്ഥിരതയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ഒട്ടനവധി ആളുകളുണ്ട്. തൊഴിലാളികളെ അടിമകളെപ്പോലെയാണ് പണി എടുപ്പിക്കുന്നത്. സ്‌കൂള്‍ പാചക സംയുക്തസംഘടന പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ അക്കൗണ്ട് വഴി വേതനം ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പടുത്തിയിരുന്നു. പക്ഷേ തൊഴിലിന്റെ ബുദ്ധിമുട്ടിനനുസരിച്ച് കാലോചിതമായി വേതനംവര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
സ്‌കൂള്‍ പാചകത്തിന് പുറമെ നിര്‍ബന്ധിച്ച് മറ്റ് തൊഴിലുകളും ചെയ്യിക്കുന്നുണ്ട്. ശുചിമുറി വൃത്തിയാക്കല്‍, സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍ അങ്ങനെ നിരവധി തൊഴിലുകള്‍ക്ക് കൂലിയും നല്‍കാറില്ല. പ്രായമായവരെ ഒരു ആനുകൂല്യങ്ങളും നല്‍കാതെ പുറത്താക്കുകയാണ്. പാചക തൊഴിലാളികള്‍ വര്‍ഷംതോറും രണ്ട് പ്രാവശ്യം സ്വന്തം കാശു മുടക്കി ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.