പന്തളം : ശബരിമല തീർഥാടനകാലം ആരംഭിക്കാറായിട്ടും പന്തളം ഇരുട്ടില്‍ തന്നെ. എപ്പോഴും തിരക്കുള്ള പന്തളം കവലയിൽ ട്യൂബ് ലൈറ്റിന്റെ പ്രകാശംപോലും ഇല്ലാത്ത അവസ്ഥ നഗരസഭാ അധികാരികൾപോലും കണ്ടില്ലെന്ന് നടിക്കുകയാണ്. കൂരിരുട്ടു കാരണമാണ് കഴിഞ്ഞദിവസം പന്തളം കവലയിൽ അപകടമുണ്ടായത്. പിക്കപ്പ് വാൻ സിഗ്‌നൽ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സിഗ്നൽ വെച്ചിട്ടുള്ള തൂണ് കാണാതെ വാഹനം ഇടിച്ചുകയറിയത്. പന്തളം കവലയിലും തീർഥാടകരെത്തുന്ന മണികണ്ഠനാൽത്തറയിലും വെളിച്ചമില്ല. രണ്ടിടത്തേയും ഉയരവിളക്ക് കത്താതായിട്ട് ഒരു മാസത്തിലധികമായി. എം.സി.റോഡിൽ എല്ലാ സമയത്തും യാത്രാബസുകളുള്ളതിനാൽ പന്തളം കവലയിൽ രാത്രി വൈകിയും പുലർച്ചയുമെല്ലാം ഇറങ്ങാനും കയറാനും യാത്രക്കാരുണ്ടാകും.
ഒൻപതുമണിവരെ കടകളിലെ വെളിച്ചമുണ്ടെങ്കിലും അതുകഴിഞ്ഞാൽ അടുത്തുനിൽക്കുന്ന ആളേപ്പോലും കാണാൻ കഴിയാത്തത്ര ഇരുട്ടാണ്. പന്തളത്ത് കവലയുണ്ടെന്ന് തിരിച്ചറിയാൻപോലും കഴിയുന്നില്ല. മണികണ്ഠനാൽത്തറ മുതൽ പന്തളം കവല വരെയെത്തുന്ന എം.സി.റോഡിൽ പ്രകാശിക്കുന്നത് രണ്ടോ മൂന്നോ ട്യൂബ് ലൈറ്റുകൾ മാത്രമാണ്. എം.സി. റോഡ് നവീകരിച്ചശേഷം കെ.എസ്.ടി.പി. സ്ഥാപിച്ച ഒരു വഴിവിളക്കുപോലും പ്രകാശിച്ചിട്ടില്ല. പന്തളം കവലമുതൽ മെഡിക്കൽമിഷൻ കവലവരെയും വടക്കോട്ട് തോന്നല്ലൂർ കാണിക്കവഞ്ചിവരെയും കെ.എസ്.ടി.പി ഹാലജൻ വിളക്കുകൾ സ്ഥാപിച്ചിരുന്നു. ജനറേറ്ററുപയോഗിച്ച് ഇവ കത്തിച്ചുനോക്കിയതല്ലാതെ പിന്നീട് ഇതുവരെ പ്രകാശിച്ചിട്ടില്ല. പന്തളത്തും കുളനടയിലുമായി നാല് ഉയരവിളക്ക് വെച്ചെങ്കിലും ഒരെണ്ണത്തിലെയും ബൾബുകൾ മുഴുവൻ പ്രകാശിക്കുന്നില്ല. മെഡിക്കൽ മിഷൻ കവല, പന്തളം കവല, കുളനട ടി.ബി.ജങ്ഷൻ എന്നിവിടങ്ങളിലാണ് ഉയരവിളക്ക് സ്ഥാപിച്ചത്. ആദ്യം സ്ഥാപിച്ച പന്തളം കവലയിൽ ആറുമാസത്തോളം മാത്രമേ ഇത് കത്തിയുള്ളു. പലതവണ നന്നാക്കിയെങ്കിലും വീണ്ടും തകരാറിലായി. കഴിഞ്ഞ ദിവസവും നന്നാക്കാൻ ആളെത്തിയെങ്കിലും ഷോർട്ട് സർക്യൂട്ട് കാരണം സ്വിച്ച് ഓൺചെയ്താൽ തൂണിലുൾപ്പെടെ വൈദ്യുതി പ്രവഹിക്കുമെന്നതിനാൽ അവർ നന്നാക്കാതെ പോയി.