നിലമ്പൂർ: നിലമ്പൂരിൽ എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങൾക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതേസമയം യുഡിഎഫിനകത്തുള്ള സംഘർഷം തുടരുകയാണെന്നും പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവറിനെ ഇപ്പോഴും യുഡിഎഫ് നേതൃത്വത്തിന് തള്ളാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയിൽ സ്വരാജിന് ജനം അംഗീകാരം നൽകിവരുന്നു. സ്ഥാനാർഥി നിർണയംമുതൽ നിലമ്പൂരിന് പുറത്തും ഈ ആവേശം കാണാൻ സാധിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക വിഭാഗമായി നാമനിർദേശ പത്രിക നൽകിയതിനുശേഷവും അൻവറുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നുണ്ടെന്ന ധ്വനിയാണ് കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാർഥിക്കുമെതിരായി അക്കമിട്ട് അതിശക്തിയായ കടന്നാക്രമണം നടത്തിയ അൻവറിനെ തള്ളാൻ ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിനാകുന്നില്ല. വളരെ ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. യുഡിഎഫിനകത്തും കോൺഗ്രസിനകത്തും അൻവർ വിഷയത്തിൽ പൊട്ടിത്തെറിയാണ് നടക്കുന്നത്. കോൺഗ്രസും ലീഗും തമ്മിൽ സംഘർഷമാണ്. കോൺഗ്രസിനകത്തും ഓരോ വിഭാഗക്കാർക്കിടയിലും സംഘർഷമാണ്.
അത് തുടരുകയാണ്. പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല, എം.വി. ഗോവിന്ദൻ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചുവെന്ന പിവി അൻവറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. 150 കോടി രൂപ പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്ന് പറഞ്ഞതിന് മാപ്പുപറയാൻ പുറപ്പെട്ടയാളാണ് അൻവർ. തെളിവ് കൊണ്ടുവരട്ടെ, തങ്ങൾക്ക് അതിൽ ഒരു ഭയവും ഇല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.