കൊച്ചി: മുന്‍ കേരള ക്രിക്കറ്റ് താരം സികെ ഭാസ്കരന്‍ (ചന്ദ്രോത്ത് കല്യാടന്‍ ഭാസ്കരന്‍) അന്തരിച്ചു. 79 വയസ്സായിരുന്നു യുഎസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം.
വലംകൈയ്യന്‍ മീഡിയം പേസറായ അദ്ദേഹം 42 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്തുിട്ടുണ്ട്. ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച സികെ ഭാസ്കരന്‍ കേരള രഞ്ജി ടീം, ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീം, മദ്രാസ് ചീഫ് മിനിസ്റ്റേഴ്സ് ഇലവന്‍, മദ്രാസം ടീം, സൗത്ത് സോണ്‍ എന്നിവയ്ക്ക് വേണ്ടി ഗ്ലൗസണിഞ്ഞിട്ടുണ്ട്. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫി ടീമില്‍ സജീവമായിരുന്നു.
ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച കേരള താരമാണ്. 1965ല്‍ സിലോണിനെതിരെയാണ് (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്ക് വേണ്ടി ടെസ്റ്റിനിറങ്ങിയത്. ഇന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ മത്സരത്തെ അനൗദ്യോഗിക മത്സരമായാണ് കണക്കാക്കുന്നത്. അഹമ്മദാബാദില്‍ വച്ചായിരുന്നു മത്സരം.
16-ാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. 1957-58 സീസണില്‍ ആന്ധ്രയ്‌ക്കെതിരെയായിരുന്നു ആദ്യ മത്സരം. കരിയറിന്റെ അവസാന സമയത്ത് മദ്രാസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. 1967-68 സീസണില്‍ രഞ്ജി റണ്ണര്‍ അപ്പായ മദ്രാസ് ടീമിന്റെ ഭാഗമായിരുന്നു.
ഫസ്റ്റ് ക്ലാസ് കരിയറില്‍ ആകെ 42 മത്സരങ്ങളിലെ 64 ഇന്നിങ്സില്‍ നിന്നായി 106 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കേരളത്തിനു വേണ്ടി 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് കരിയറില്‍ ആകെ 580 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 345 റണ്‍സ് കേരളത്തിന് വേണ്ടിയായിരുന്നു.
1941 മേയ് അഞ്ചിന് തലശേരിയിലാണ് സികെ ഭാസ്കരന്‍ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടിയിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം അദ്ദേഹം യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സഹോദരന്‍ സികെ വിജയനും കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്.