ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സ്’ നടപടികൾ ശക്തമാക്കുന്നു. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ തുടങ്ങി. സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ വലിയ പിഴ ചുമത്തുമെന്നും കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പിനെത്തുടർന്നാണ് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ എക്‌സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. നടപടികൾ തുടങ്ങിയതായി എക്‌സ് ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് ടീം ഔദ്യോഗിക പോസ്റ്റിലൂടെ അറിയിച്ചു. സർക്കാർ നിർദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും എക്‌സ് പറയുന്നു.
”ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ലഭിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗണ്യമായ പിഴയും കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുമാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ, പ്രമുഖ ഉപയോക്താക്കൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾ ഇന്ത്യയിൽ തടയണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. പിന്നാലെ എക്‌സ് നടപടി ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ സർക്കാരിന്റെ നിർദേശങ്ങളോട് ശക്തമായി വിയോജിക്കുന്നു” എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം. ഇന്ത്യൻ നടപടി സെൻസർഷിപ്പിന് തുല്യമാണെന്നും എക്‌സ് ആരോപിക്കുന്നു. അക്കൗണ്ടുകൾ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണ്.
ഇത്തരം നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും കമ്പനി വ്യക്തമാക്കി. സർക്കാർ നിർദേശിച്ച അക്കൗണ്ടുകളിൽ ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കണം എന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കണം. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാൻ അനുകൂല ഹാൻഡിലുകളിൽ നിന്ന് വരുന്ന വ്യാജവാർത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയണം എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.