കൊച്ചി: സ്വയംഭരണ കോളജുകളിൽനിന്ന് സർവകലാശാല അഫിലിയേഷന്റെ പേരിൽ ഫീസ് ഈടാക്കുന്നതും യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമെന്ന് ആരോപിക്കുന്ന കരാറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതൂം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. യു.ജി.സി റെഗുലേഷൻ പ്രകാരം അനുവദിച്ച സ്വയംഭരണാവകാശം വിനിയോഗിക്കാനാവാത്തവിധം കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ അനാവശ്യ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായി കാട്ടി കൺസോർട്യം ഓഫ് ഓട്ടോണമസ് കോളജസ് ഓഫ് കേരള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അഫിലിയേഷൻ ഫീസിനത്തിൽ വൻ തുക ഒറ്റത്തവണ അടവെന്ന നിലയിൽ എം.ജി, കാലിക്കറ്റ് സർവകലാശാലകൾ കോളജുകൾക്കുമേൽ ചുമത്തിയതായി ഹർജിയിൽ പറയുന്നു. ഇത്തരമൊരു ഫീസ് ഈടാക്കുന്നത് യു.ജി.സി തടഞ്ഞിട്ടുള്ളതാണ്. യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമായി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാധികാരം അടിയറവെക്കുന്ന കരാറുകളിൽ ഏർപ്പെടാൻ എം.ജി, കേരള സർവകലാശാലകൾ സമ്മർദം ചെലുത്തുന്നു. സ്വന്തം സിലബസും കരിക്കുലവും തയാറാക്കുന്നതിൽ എം.ജി സർവകലാശാല ഇടപെടുകയും മാറ്റിമറിക്കുകയും ചെയ്തിരിക്കുകയാണ്. സർവകലാശാലകളോടും യു.ജി.സിയോടും വിശദീകരണം തേടിയ കോടതി ഹർജി വീണ്ടും സെപ്റ്റംബർ 25ന് പരിഗണിക്കാൻ മാറ്റി.