തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. വീട്ടിലെ ഷെഡ്ഡിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പൂന്തുറ സ്റ്റേഷൻ പരിധിയിൽ പരുത്തിക്കുഴി മുസ്‌ലിം ജമാഅത്ത് പള്ളിക്കു പിന്നിൽ താമസിക്കുന്ന മുഹമ്മദ് അനസ്(27) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിനുമുകളിലെ താത്‌കാലിക ഷെഡ്ഡിൽനിന്നുമാണ് കുപ്പിയിൽ സൂക്ഷിച്ച 650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോ ഗ്രാം കഞ്ചാവും പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അനസ് കുടുങ്ങിയത്. വീട്ടിലെ ഷെഡ്ഡിൽ നിന്നും ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റെജിലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തിരുവനന്തപുരം ഐബി യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ്.കെ.വി, അസ്സിസ്സ്റ്റന്‍റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ, ബിജുരാജ്.ആർ, പ്രകാശ്.ആർ, പ്രിവൻ്റീവ് ഓഫീസർ ഷാജു. പി.ബി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബിനു, എസ്.ആർ.മണികണ്ഠൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്നേഹ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലും ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. എളമക്കര സ്റ്റേഷൻ പരിധിയിൽ താന്നിക്കൽ ഭാഗത്തു താമസിക്കുന്ന അതുൽ കൃഷ്ണ എന്ന 19 കാരനാണ് ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പോലീസ് ലഹരിയുമായി പിടിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അതുൽ കൃഷ്ണ പിടിയിലായത്, 8 ഗ്രാം ഹാഷിഷ് ഓയിലും, 16 എൽഎസ്ഡി സ്റ്റാമ്പും, 61 സ്റ്റാമ്പ് പോലുള്ള പേപ്പറും ആണ് പിടിച്ചത്.