ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു. കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി.
തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും ഇടപാടുകല്‍ നടത്തി. ചാറ്റുകൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു. കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് പ്രതികൾ ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്ന് എക്സൈസ് കൂട്ടിച്ചേര്‍ത്തു.
ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേരാണ് ഇന്നലെ പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.
ആലപ്പുഴയില്‍ പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണ്. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവുകളുടെ വിത്തുകള്‍ ചേര്‍ത്താണ് ഈയിനം വികസിപ്പിക്കുന്നത്. കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി. മണ്ണില്ലാതെ പ്രത്യേക ലായനിയിലാണ് വളര്‍ത്തുന്നത്. അപകടകരമായ ഊര്‍ജം ഇതിലൂടെ ലഭിക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മണിക്കൂറുകള്‍ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും. എംഡിഎംഎ വില്‍പ്പനക്കാര്‍പോലും അത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഈ കഞ്ചാവ് വാങ്ങുമെന്ന് എക്‌സൈസ് പറയുന്നു. ആഫ്രിക്കന്‍-ഇന്ത്യന്‍ കഞ്ചാവുകളുടെ സങ്കരയിനമാണ് ഹൈബ്രിഡ് ഇനം.
ചില രാജ്യങ്ങളില്‍ ഇത് നിയമപരമാണ്. പ്രത്യേകിച്ച് തായ്‌ലാന്‍ഡില്‍. അവിടെനിന്നാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി ചെന്നൈ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85-ല്‍ താമസിക്കുന്ന തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന-41)യെയും ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ. ഫിറോസി(26)നെയും എക്‌സൈസ് പ്രത്യേകസംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് മാരാരിക്കുളത്തെ റിസോര്‍ട്ടില്‍നിന്നാണ് ഇവരെ പിടിച്ചത്. പിടികൂടിയ കഞ്ചാവ് ഗ്രാമിന് 10,000 രൂപയാണു വില. സാധാരണ കഞ്ചാവിന് 500 രൂപയും. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി.