പത്തനംതിട്ട : വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് വകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍കുമാര്‍ പറഞ്ഞു. തുറസായ പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, വയലുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്നതിനായാണ് എക്സൈസ് വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, ചിറ്റാര്‍ റെയ്ഞ്ച് പരിധിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ചുമതലയിലാണു ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വള്ളിക്കോട് പാടശേഖരം, കൊടുമണ്‍ പ്ലാന്റേഷന്‍, കടവുപുഴ, അടൂര്‍ മാങ്കോട് പാടം, വെള്ളംതെറ്റി വാണിയംപാറ, യൂക്കാലിപ്സ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സെക്ടര്‍ കെ. മോഹനന്‍, കോന്നി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. പ്രശാന്ത്, അടൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ ശക്തമായ നിരീക്ഷണവും തുടര്‍നടപടികളും എക്സൈസ് നടത്തി. ഇക്കാലയളവില്‍ 360 റെയ്ഡുകള്‍ നടത്തി. 77 അബ്കാരി കേസുകളും മൂന്നു മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്യുകയും 46 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 83 ലിറ്റര്‍ ചാരായവും 5800 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും 32 ലിറ്റര്‍ അരിഷ്ഠാസവങ്ങളും 170 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍കുമാര്‍ അറിയിച്ചു.
ടോള്‍ ഫ്രീ നമ്പര്‍ 155358, അസി. എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9447178055, എക്സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട 04682222873,എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട 9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍ 9400069464, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി 9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി 9400069470, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവല്ല 9400069472.