കൊച്ചി : അന്തമാനില്‍നിന്ന് ക്വറിയര്‍ വഴി അയച്ച അരക്കിലോ എംഡിഎംഎ എക്‌സൈസ് സംഘം പിടികൂടി. അന്തമാനില്‍ നിന്നു മയക്കുമരുന്ന് എത്തുന്ന ഒരു ചങ്ങലയാണ് മഞ്ചേരി എക്സൈസ് സംഘം തകര്‍ത്തത്. 25 ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് ഇന്നലെ വൈകീട്ട് പിടികൂടിയത്. മഞ്ചേരി മേലാക്കത്തെ സ്വകാര്യ ക്വറിയര്‍ സ്ഥാപനത്തിലാണ് വൈകീട്ട് എം.ഡി.എം.എ. പാഴ്സലായി എത്തിയത്. ഇത് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് മലപ്പുറം സ്വദേശികളായ മൂന്നുപേരെ എക്‌സൈസ് സംഘം കാത്തിരുന്ന് പിടികൂടിയത്.
കോണോംപാറ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിഷാന്ത് (23), പട്ടര്‍ക്കടവ് മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരാണ് പിടിയിലായത്. ഇവര്‍എംഡിഎംഎ കടത്തിന് ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. നിഷാന്തിന്റെ പേരിലാണ് എം.ഡി.എം.എ. പാഴ്സല്‍ വന്നത്. പീനട്ട് ബട്ടര്‍, ഫ്രൂട്ട്ജാം എന്നിവ നിറച്ച പാക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യവിവരപ്രകാരമാണ് ഇക്കുറി ഇവര്‍ പിടിയിലായത്.
ജില്ലയിലെ ഏറ്റവുംവലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 25 ലക്ഷത്തോളം രൂപ വിലവരുമെന്നും മഞ്ചേരി എക്സൈസ് മാധ്യമങ്ങളോട് പറഞ്ഞു. പീനട്ട് ബട്ടറും ജാമുമാണ് ക്വറിയറില്‍ വന്നത്. ഇതില്‍ പീനട്ട് ബട്ടര്‍ പകുതി മാറ്റി അതില്‍ എംഡിഎംഎ നിറയ്ക്കുകയായിരുന്നു. കുപ്പി തുറന്നാല്‍ പീനട്ട് ബട്ടര്‍ തന്നെയാണ് കാണാന്‍ കഴിയുക. പരിശോധിച്ചപ്പോഴാണ് കുപ്പിയില്‍ എംഡിഎംഎയാണെന്ന് വ്യക്തമായത്-എക്സൈസ് പറയുന്നു.
അന്തമാനിലുള്ള മലപ്പുറം സ്വദേശി മുഹമ്മദ് സാബിക്കാണ് ക്വറിയര്‍ അയച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇയാളുടെ സുഹൃത്തായ റിയാസാണ് മയക്കുമരുന്നിനുള്ള പണം അയച്ചുകൊടുത്തത്. നേരത്തേയും റിയാസിന് ഇത്തരത്തില്‍ അന്തമാനില്‍നിന്ന് കവര്‍ എത്തിയിരുന്നു. ഇതുസ്വീകരിച്ച് എം.ഡി.എം.എ. വില്പനനടത്തിയ ആള്‍ പിടിയിലായിരുന്നു. ഇതോടെയാണ് സാബിക്ക് നിഷാന്തിന്റെ പേരില്‍ കവര്‍ അയച്ചത്. നിഷാന്തിനെതിരേ നേരത്തേ മഞ്ചേരിയില്‍ കഞ്ചാവുകേസുണ്ട്. കേസിലെ ഒന്നാംപ്രതിയായ റിയാസ് കൈമാറുന്ന മയക്കുമരുന്ന് ചെറുപായ്ക്കറ്റുകളിലാക്കി വില്പനയ്ക്ക് സഹായിക്കുന്നവരാണ് മമറ്റുപ്രതികള്‍. ഗ്രാമിന് മൂവായിരം മുതല്‍ അയ്യായിരം രൂപയ്ക്കാണ് സംഘം വില്പന നടത്തിയിരുന്നത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സ് വിഭാഗവും ഇന്നലെ മേലാക്കത്തെ ക്വറിയര്‍ സ്ഥാപനത്തിനുസമീപം കാത്തുനിന്നു. പായ്ക്കറ്റിനുമുകളില്‍ രേഖപ്പെടുത്തിയ നമ്പറില്‍ വിളിച്ച് പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും വന്നുകൈപ്പറ്റണമെന്നും അറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ടോടെ മൂന്നുപേര്‍ കാറിലെത്തി. പാഴ്സല്‍ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുന്നതിനിടെ ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ച് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ്ഷാഫി, ടി. ഷിജുമോന്‍, കെ. പ്രദീപ്കുമാര്‍, കെ. ഷിബുശങ്കര്‍, ടി. സന്തോഷ്, സിവില്‍ ഓഫീസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, ഇ. അഖില്‍ദാസ്, നിതിന്‍ ചോമരി, വി. സച്ചിദാസ്, കെ. സഫീര്‍ അലി, പി.ബി. വിനീഷ്, പി. അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.