ചണ്ഡീഗഢ്: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 50 സീറ്റ് ലഭിക്കുമെന്നാണ് പീപ്ൾസ് പൾസിന്റെ പ്രവചനം.ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നിരിക്കുന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നുമാണ് പീപ്ൾസ് പൾസിന്റെ വിശകലനം. സംസ്ഥാനത്ത് 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സർക്കാർ രൂപവത്കരിച്ചു.
ഇത്തവണ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് സെയ്നിയാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. അധികാരം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പോരാട്ടം. എന്നാൽ പ്രചാരണത്തിനിടെ ഒരിക്കൽ പോലും കോൺഗ്രസ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇക്കുറി കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്. കർഷകരുടെ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന വിഷയം.
ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജമ്മുകശ്മീരിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ജമ്മുകശ്മീർ നാഷനൽ കോൺഫറൻസ് 33 മുതൽ 35 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം. ബി.ജെ.പിക്ക് 23 മുതൽ 27 വരെ സീറ്റുകൾ ലഭിക്കും. ഇൻഡ്യ സഖ്യം 13 മുതൽ 15 സീറ്റുകൾ വരെയാണ് പീപ്ൾസ് പൾസ് പ്രവചിക്കുന്നത്. പി.ഡി.പിക്ക് ഏഴു മുതൽ 11 വരെയും മറ്റുള്ളവർ നാലു മുതൽ അഞ്ചുവരെ സീറ്റുകളും നേടുമെന്നാണ് വിലയിരുത്തൽ.