ഐആര്‍സിടിസി കേരളത്തിൽ നിന്നുള്ള സഞ്ചാരികള്‍ക്കായി സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങി വരുന്ന ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. ഭാരത് ഗൗരവ് ട്രെയിനിൽ പോകുന്ന യാത്രയിൽ കൊട്ടാരങ്ങളും കോട്ടകളും മാത്രമല്ല, ബീച്ചും ഗുഹകളും എല്ലാം കണ്ട് തെക്കു പടിഞ്ഞാറൻ ഇന്ത്യയുടെ അത്ഭുത ലോകത്തെ പരിചയപ്പെടുവാൻ പറ്റിയ യാത്രയാണ്. ഭാരത് ഗൗരവ് സൗത്ത് വെസ്റ്റേണ്‍ ഹെറിറ്റേജ് ടൂർ എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര 11 രാത്രിയും 12 പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണ്. കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ യാത്രക്കാർക്ക് കേരളത്തിൽ കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളിൽ നിന്നും തമിഴ്നാട്ടിൽ പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജങ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്നും കയറാം.
ഈ ഭാരത് ഗൗരവ് ടൂര്‍ പാക്കേജ് വഴി മൈസൂർ, ഹംപി, ഹൈദരാബാദ്, അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ ഗോവ എന്നിവിടങ്ങളാണ് കാണുന്നത്. മൈസൂർ – സെന്റ് ഫിലോമിന ചർച്ച്, ബൃന്ദാവൻ ഗാർഡൻസ്, ചാമുണ്ഡ ഹിൽസ്, റെയിൽ മ്യൂസിയം, മൈസൂർ പാലസ്, ശ്രീരംഗപട്ടണം ഹംപി – ക്വീൻസ് ബാത്ത്, വിരൂപാക്ഷ ക്ഷേത്രം, ലോട്ടസ് മഹൽ, വിത്തല ക്ഷേത്രം, തുംഗഭദ്ര ഡാം ഹൈദരാബാദ് – റാമോജി ഫിലിം സിറ്റി, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, സലാർജംഗ് മ്യൂസിയം, ഗോവ – ബോം ജീസസിന്റെ ബസിലിക്ക, സെ കത്തീഡ്രൽ, മംഗുഷി ക്ഷേത്രം, കോൾവ ബീച്ച് എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളിൽ കാണുന്ന പ്രധാന ഇടങ്ങൾ.2024 ജനുവരി 17ന് ആരംഭിക്കുന്ന യാത്ര ജനുവരി 28ന് അവസാനിക്കും. മടക്ക യാത്രയിൽ മംഗളൂരു ജങ്ഷൻ, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജങ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ ഇറങ്ങാനാണ് സൗകര്യമുള്ളത്.
754 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. സ്ലീപ്പർ ക്ലാസിൽ 544 ഉം എസി ത്രീ ടയർ കംഫോർട്ട് ക്ലാസിൽ 210 സീറ്റുകളുണ്ട്. സ്ലീപ്പർ ക്ലാസിൽ മുതിർന്ന ആൾക്ക് 21,600 രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 20,025 രൂപയുമാണ് നിരക്ക്. എസി കംഫോർട്ട് ക്ലാസിൽ മുതിർന്ന ആള്‍ക്ക് 29,790 രൂപയും കുട്ടികൾക്ക് 28,215 രൂപയുമാണ് നിരക്ക്.യാത്രയിലെ താമസം, മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രാൻസ്പോര്‍ട്ടേഷൻ, ട്രാവല്‍ ഇൻഷുറൻസ്, സെക്യൂരിറ്റി, ഐആർസിടിസി ടൂർ മാനേജർ സൗകര്യം തുടങ്ങിയവ നിരക്കിൽ ഉൾപ്പെടുന്നു. അതേ സമയം ടൂർ ഗൈഡ്, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരക്ക് തുടങ്ങിയവയ്ക്കുള്ള നിരക്ക് അവരവർ വഹിക്കേണ്ടതാണ്.