പാലക്കാട് : പാലക്കാട് നഗരത്തിൽ സ്ഫോടക വസ്തു പൊട്ടി പശുവിന് സാരമായി പരുക്കേറ്റു. പട്ടിക്കര ബിഒസി റോഡിൽ പുല്ല് മേയുന്നതിനിടെയാണ് അപകടമുണ്ടായി വായുടെ മുൻഭാഗം പൂർണമായും തകർന്നത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ പശു കുടുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. ഹൃദയമുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയാത്തത്ര ആഴത്തിലായിരുന്നു മിണ്ടാ പ്രാണിക്കേറ്റ പരുക്ക്.
വിശന്നു പൊരിഞ്ഞ് നീങ്ങുന്നതിനിടയിൽ വയറുനിറയ്ക്കാനായി മുന്നിൽക്കണ്ടത് പശു കടിച്ചു. ഉഗ്ര ശബ്ദത്തിൽ മുഖം പൂർണമായും തകർന്ന് പാവം വീണു. രാത്രികാലങ്ങളിൽ പ്രദേശത്ത് കൂടുതലായി പന്നിയിറങ്ങുന്ന പതിവുണ്ട്. പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിലാണ് പശു അകപ്പെട്ട് അപകടമുണ്ടായതെന്നാണ് നിഗമനം.
വേദന കൊണ്ട് പുളഞ്ഞ മിണ്ടാപ്രാണി എഴുന്നേറ്റു നിൽക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരു തുള്ളി വെള്ളത്തിനപ്പുറം ഉമിനീരു പോലും തൊണ്ടയിലേക്കിറക്കാൻ കഴിയാത്ത തരത്തിലായിരുന്നു പരുക്ക്. പ്രാണവേദന കൊണ്ട് പശു റോഡിലൂടെ പായുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും ഒന്നും ചെയ്യാനാവാനാത്ത സ്ഥിതിയെന്ന് അറിയിച്ചു. ഉടമയോട് സ്വന്തം നിലയിൽ പശുവിനെ നീക്കാൻ നിർദേശിച്ചു. നഗരത്തിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ സമാന അപകടമെന്ന് പോലീസ് അറിയിച്ചു.