കോന്നി : കോന്നിയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോന്നിയുടെ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുത ബന്ധം തടസപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളകൊള്ളൂരിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് ഗതാഗതവും വൈദ്യുത ബന്ധവും തടസപ്പെട്ടു. കോന്നിയിൽ നിന്ന് അഗ്നിരക്ഷാസേനയും കെ എസ് ഇ ബി അധികൃതരും എത്തി മരം മുറിച്ചുമാറ്റി. കോന്നി അട്ടച്ചാക്കലിലും മരം വീണ് വൈദ്യുത ബന്ധവും ഗതാഗതവും തടസപ്പെട്ടു. ചിറ്റൂർ മുക്ക് കുറ്റിയിൽ ഭാഗത്ത് ബി എസ് എൻ എൽ ടവറിന് സമീപം വൈദ്യുതി ലൈനിൽ മരം വീണു. വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തേക്ക് ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീണ് അട്ടചാക്കൽ ആഞ്ഞിലികുന്നിന് സമീപം ഗതാഗതം തടസപ്പെട്ടു.
കോന്നിയിൽ നിന്ന് അഗ്നി രക്ഷ സേന എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അട്ടച്ചാക്കൽ മാർത്തോമ പള്ളിപടിയിൽ കാറ്റിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൂടൽ വില്ലേജിൽ പാങ്ങോട് പുത്തൻ വീട്ടിൽ ലില്ലിക്കുട്ടിയുടെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു. അയൽവാസിയുടെ വീടിന്റെ കാർ പോർച്ചിലേക്കാണ് ഇത് തകർന്നു വീണത്. സുരക്ഷ കണക്കിൽ എടുത്ത് ഇവരോട് ബന്ധുവീട്ടിലേക്ക് താമസം മാറുവാൻ വില്ലേജ് അധികൃതർ നിർദേശം നൽകി. തണ്ണിത്തോട് കുഴിപ്പറമ്പിൽ വീട്ടിൽ ബൈജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്തമഴയിൽ തകർന്നു. തണ്ണിത്തോട് മൂഴി – കോട്ടഭാഗം റോഡിലും മരങ്ങൾ ഒടിഞ്ഞു വീണ് മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു. കോന്നി ചെങ്ങറയിലും പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണ് വ്യാപക നാശനഷ്ടമുണ്ടായി.