കൊച്ചി : നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC) സ്വര്‍ണ്ണപ്പണയ വായ്പക്ക് ഈടാക്കുന്നത് കൊള്ളപ്പലിശ. അടിയന്തിര ഘട്ടങ്ങളില്‍ പണത്തിനായി ഓടിയെത്തുന്ന ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്വര്‍ണ്ണ പണയ വായ്പക്ക് 8 % മുതല്‍ 12% വരെ പലിശ ഈടാക്കുമ്പോള്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പണയം വെച്ചാല്‍ 7% മുതല്‍ 10.5 % വരെ പലിശ കൊടുത്താല്‍ മതി. കേരളാ മണി ലെന്റിംഗ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വാങ്ങാവുന്ന പരമാവധി പലിശ 18 % മാത്രമാണ്. എന്നാല്‍ ചില NBFC കളില്‍ പണയം വെച്ചാല്‍ 35% വരെയാണ് ഇവര്‍ പലിശ ഈടാക്കുന്നത്. ഒരിക്കല്‍ ഇവിടെ പണയം വെച്ചാല്‍ പിന്നെ തിരിച്ചെടുക്കേണ്ടി വരില്ല. ഒരുപരിധിവരെ ഇവരും ഇതാണ് ആഗ്രഹിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ/സഹകരണ ബാങ്കുകളിലെ സ്വര്‍ണ്ണപ്പണയ വായ്പയുടെ പലിശ നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC) ഈടാക്കുന്നത് കഴുത്തറപ്പന്‍ പലിശയാണ്. ബ്ലെയിഡ് പലിശക്കാര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നവര്‍ ഇതിലും എത്രയോ ഭേദമാണെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഷെഡ്യൂള്‍ഡ് ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പണയം വെക്കാന്‍ ചെന്നാല്‍ അനാവശ്യമായ കാലതാമസവും നടപടിക്രമങ്ങളുമാണെന്ന ധാരണ പൊതുവേ ജനങ്ങളിലുണ്ട്. ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല, കഴിഞ്ഞകാലങ്ങളിലെ അനുഭവവും ഇതായിരുന്നു. ബാങ്കുകളുടെ ഈ വല്യേട്ടന്‍ മനോഭാവം കൊണ്ടാണ് പലരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെക്കാന്‍ ഓടിക്കയറുന്നത്. എന്നാല്‍ ഈ സാഹചര്യമല്ല ഇന്ന് പല ബാങ്കുകളിലുമുള്ളത്. സ്വര്‍ണ്ണപ്പണയ വായ്പ്പക്കെത്തുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പലരും. എന്നാല്‍ ഇതിനൊരപവാദമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. സ്ഥിരം ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ആണെങ്കില്‍ പരമാവധി 5 മിനുട്ടില്‍ താഴെ മതി പണം നിങ്ങളുടെ അക്കൌണ്ടില്‍ കയറാന്‍. NBFC കളെ അപേക്ഷിച്ച് പലിശ മൂന്നിലൊന്നായി കുറഞ്ഞുമിരിക്കും.
NBFC കള്‍ക്ക് പലിശ വാങ്ങുന്നതിന് യാതൊരു നിയന്ത്രണവും ബാധകമല്ല. ഓരോ സ്ഥാപനവും തങ്ങള്‍ക്കിഷ്ടമുള്ള പലിശയാണ് ഈടാക്കുന്നത്. 24% മുതല്‍ 35 % വരെ പലിശ പലരും സ്വര്‍ണ്ണ പണയ വായ്പക്ക് ഈടാക്കുന്നു. ഇപ്പോഴുള്ള നിയമപ്രകാരം ഇത് ഇവരുടെ ഔദാര്യമായി കരുതിയാല്‍ മതി. കാരണം ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ നിലവിലില്ല. ജനങ്ങളെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കാന്‍ NBFC കളെ കയറൂരി വിട്ടിരിക്കുകയാണോ RBI എന്നും സംശയിക്കേണ്ടിയിരിക്കുന്നു. NBFC കളുടെ പലിശനിരക്കിനെക്കുറിച്ച് തിരുവനന്തപുരം റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പത്തനംതിട്ട മീഡിയായോട് നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. NBFC കള്‍ക്ക് സ്വര്‍ണ്ണ പണയ വായ്പക്ക് ഇഷ്ടമുള്ള പലിശ നിരക്ക് ഈടാക്കാമെന്നും നിരക്കുകള്‍ അതാതു കമ്പനികള്‍ ആണ് തീരുമാനിക്കുന്നതെന്നും പറഞ്ഞ ഇദ്ദേഹം NBFC കള്‍ക്ക് ഈടാക്കാവുന്ന പലിശനിരക്കിന് റിസര്‍വ് ബാങ്ക് ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതായത് NBFC കള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന റിസര്‍വ് ബാങ്കിന് ഇവിടെ നടക്കുന്ന തീവെട്ടിക്കൊള്ളക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നു വേണം കരുതാന്‍. ഒന്നിനുപിറകെ മറ്റൊന്നായി NBFC കളുടെ നിക്ഷേപതട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറുമ്പോഴും തികഞ്ഞ അലംഭാവമാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിക്ഷേപകര്‍ക്ക് അനുഭവപ്പെടുന്നത്. നിക്ഷേപകരുടെ പരാതികള്‍ക്ക് വേണ്ടത്ര പരിഗണന റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്ന ആക്ഷേപവും ഏറെനാളായി നിലനില്‍ക്കുകയാണ്. നിക്ഷേപകര്‍ക്കും വായ്പ എടുത്തവര്‍ക്കും റിസര്‍വ് ബാങ്കിന് പരാതിനല്കാം. https://www.rbi.org.in/Scripts/Complaints.aspx >>>സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/തുടരും……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].