അടൂർ : നെടുമണ്ണിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ സ്ഥലം വാങ്ങിയതിൽ വൻ ക്രമക്കേടും അഴിമതിയും ആരോപിച്ച് ബി.ജെ.പി ഏഴംകുളം ഏരിയ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. നിലവിൽ നെടുമൺ സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൃഗാശുപത്രിയ്ക്കാണ് സ്വകാര്യ വ്യക്തിയുടെ കൈയിൽ നിന്ന് സ്ഥലം വിലയ്ക്ക് വാങ്ങി കെട്ടിടം നിർമ്മിക്കാൻ പോകുന്നത്. ഈ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുംമ്പള്ളി ആരോപിച്ചു. സ്ഥലം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. അനിൽ ചെന്തമരവിളയിൽ, സതീശൻ നായർ, ശരത് കുമാർ,അനിൽ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. സെന്റിന് 20000 രൂപ വിപണി വിലയുള്ള വസ്തു സെന്റിന് 60000 രൂപയ്ക്ക് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയിരിക്കുന്നത്.
വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ വിവാദമുണ്ടായ സാഹചര്യത്തിൽ പബ്ലിക്ക് ഓഡിറ്റിനു വിധേയമാക്കണം. പഞ്ചായത്തിന്റെ ആസ്തി ഫണ്ടിൽ നിന്ന് പണം കണ്ടെത്തി സ്ഥലം വാങ്ങിച്ചതിനാൽ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് എൽ.ഡി.എഫ് – യു ഡി എഫ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതിനു കൂട്ടു നിന്ന ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനു പരാതി നൽകുമെന്നും മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ പറഞ്ഞു.