കൊടുമൺ : ഏഴംകുളം-കൈപ്പട്ടൂർ റോഡിനോട് ചേർന്ന് കൊടുമൺ സ്റ്റേഡിയത്തിന് തെക്കുവശത്തായി അഞ്ച് വർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി വഴി ടേക്ക് എ ബ്രേക്ക് പണികഴിച്ചത്. ഉദ്ഘാടനം രണ്ട് കഴിഞ്ഞു. എന്നിട്ടും അടഞ്ഞുതന്നെ. പണി പൂർത്തിയായപ്പോൾ ഉദ്ഘാടനവും നടന്നിരുന്നു. അഞ്ച് വർഷവും അടഞ്ഞുതന്നെ കിടന്നു. ഇത്രയും നാളായിട്ടും യാത്രക്കാർക്കായി തുറന്നുകൊടുത്തിരുന്നില്ല. വഴിയിടം ഇനി എല്ലാ ദിവസവും യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ പറഞ്ഞിരുന്നു. പക്ഷേ പ്രഖ്യാപനം നടപ്പായില്ല.
ജില്ലയിൽ ആദ്യമായി പണിത വഴിയിടങ്ങളിൽ ഒന്നാണ് കൊടുമൺ സ്റ്റേഡിയത്തിന് തെക്കുവശത്തുള്ളത്. കെ.എൻ. ബാലഗോപാൽ രാജ്യസഭ എംപി ആയിരിക്കേ അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ടിൽ അഞ്ച് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി പണിതതാണ് വഴിയിടം-ടേക്ക് എ ബ്രേക്ക്. മുഖ്യമന്ത്രിയുടെ 12-ഇന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇവ നിർമിച്ചത്. വളരെ തിരക്കുള്ള ഏഴംകുളം- കൈപ്പട്ടൂർ റോഡിന് അരികിലായി പണിത വഴിയിടം ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനംചെയ്യുന്നതാണ്. യാത്രക്കാർക്കുള്ള ഇരിപ്പിടം, കുടിവെള്ളം, ശൗചാലയം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുറ്റുപാടും കാടുപിടിച്ച് വൃത്തികേടായിക്കിടക്കുകയാണ്.