എഴുകോണ്‍ : ഏഴുകോണില്‍ യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഭര്‍തൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി. ഇത് ശരിവെയ്ക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് സുവ്യ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ സഹോദരിക്ക് അയച്ച സന്ദേശമാണ് പുറത്തുന്നത്.
”ഞാന്‍ പോവുകയാ, എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരിയെന്ന്. അവര്‍ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോയെന്നു പറയുന്നു.
അവരും മോനും ചേര്‍ന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്. അയാള്‍ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാന്‍ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച് അവരുടെ കാര്യങ്ങളില്‍ അയാള്‍ക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവര്‍ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടുന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്.
എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്. എന്റെ കൊച്ചിനെ എങ്ങനെയെങ്കിലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ. മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തത് കൊണ്ടാണ്”- സുവ്യ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടെ ഇടം നേടിയ സുവ്യയോട് തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്ന് ഭര്‍തൃമാതാവ് പറഞ്ഞിരുന്നു. ഓരോ കാരണം ഉണ്ടാക്കി ഇവര്‍ പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇടക്ക് പീഢനം സഹിക്കാതെ സുവ്യ സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും പിന്നീട് ഭര്‍ത്താവ് അനുനയിപ്പിച്ച് തിരിച്ചെത്തിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തിനായി സ്വന്തം വീട്ടിലെത്തിയ സുവ്യ മടങ്ങിപ്പോകാന്‍ വൈകിയിരുന്നു. അന്ന് ചീത്ത കേള്‍ക്കുമെന്ന് പറഞ്ഞ് ഇറങ്ങിയ സുവ്യ വീട്ടിലെത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. സുവ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിക്കാറുണ്ടെന്ന് സഹോദരനും നേരത്തെ ആരോപിച്ചിരുന്നു.