കോട്ടയം : രണ്ടാം മോദി സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ ആണ് സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സഹകരണ വകുപ്പ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കടുത്ത ഭാഷയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചത്.
ഒരു കാരണവശാലും കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പറഞ്ഞു. ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനത്തില്‍ ആണ് പ്രവര്‍ത്തിച്ചു വരുന്നത്. ഭരണഘടന രൂപീകരണ സമയത്ത് തന്നെ ഭരണഘടനാ ശില്പിയായ ഡോക്ടര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഫെഡറല്‍ സംവിധാനമായി നിലനിര്‍ത്താനുള്ള തീരുമാനം ഈ ചര്‍ച്ചയിലാണ് ഉരുത്തിരിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ കൈവശം വെക്കേണ്ട വകുപ്പുകളും സംസ്ഥാനത്തിന്റെ പരിധിയില്‍ പൂര്‍ണമായും വരുന്ന വകുപ്പുകളും അന്നുതന്നെ പട്ടികയാക്കി തീരുമാനിച്ചിരുന്നു. ഇതില്‍ സഹകരണ വകുപ്പ് സംസ്ഥാന പരിധിയിലാണ് വരുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ കേന്ദ്രം നടത്തിയിരിക്കുന്നത് എന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. നല്ല ഉദ്ദേശത്തോടുകൂടി അല്ല കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത് എന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.