ന്യൂഡല്‍ഹി : കോവിഡിനെതിരെ കൂടിയ ഡോസിലുളള മരുന്ന് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പിനിയായ ഗ്ലെന്‍മാര്‍ക്ക്. ആന്റിവൈറല്‍ മരുന്നായ ഫാബിഫ്ളൂവിന്റെ ഡോസ് കൂടിയ മരുന്ന് വിപണിയില്‍ ഇറക്കാനാണ് കമ്പിനി തീരുമാനിച്ചിരിക്കുന്നത്. 400 മില്ലിഗ്രാം ഡോസുളള ഗുളികയാണ് പുറത്തിറക്കുക. രോഗികള്‍ കഴിക്കേണ്ട ഗുളികകളുടെ എണ്ണം കുറച്ച് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് മരുന്ന് കമ്പിനി അറിയിച്ചു.
ഗുളികയുടെ വില ഇതുവരെ കമ്പിനി പുറത്തുവിട്ടിട്ടില്ല. നേരിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കുളള ചികിത്സയ്ക്കാണ് ഫാബിഫ്ളൂ ഉപയോഗിക്കുക. നിലവില്‍ 200മില്ലിഗ്രാം ഡോസുളള ഗുളിക വിപണിയില്‍ ലഭ്യമാണ്. 200 മില്ലിഗ്രാം ഗുളിക കഴിക്കുമ്പോള്‍ രോഗികള്‍ ആദ്യ ദിവസം രാവിലെ- 9, രാത്രി- 9 എന്ന നിലയില്‍ 18 ഗുളികകള്‍ കഴിക്കേണ്ടതുണ്ട്. തുടര്‍ന്നുള്ള 14 ദിവസം എട്ട് ഗുളികകള്‍ കഴിക്കണം. പുതിയ 400 മില്ലിഗ്രാം ഗുളിക ഇറങ്ങുന്നതോടെ ആദ്യ ദിവസം കഴിക്കേണ്ട ഗുളികകളുടെ എണ്ണം 9 ആകും. രാവിലെ 4.5, രാത്രി 4.5 എന്നതാണ് കഴിക്കേണ്ട ഗുളികകളുടെ എണ്ണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് ഗുളിക വീതം രണ്ട് നേരം കഴിച്ചാല്‍ മതിയാകും.
ഫാവിപിരവിര്‍ അടങ്ങിയ മരുന്ന് ഫാബിഫ്ളൂ എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്പിനി വിപണനം ചെയ്യുന്നത്. കൂടിയ ഡോസായ 400എംജി മരുന്ന് വില്‍ക്കുന്നതിന് ഇന്ത്യയില്‍ ഡ്രഗസ് കണ്‍ട്രോളറുടെ അനുമതി ആദ്യമായി ലഭിച്ച കമ്പിനിയാണ് ഗ്ലെന്‍മാര്‍ക്ക്. ഇന്ത്യയില്‍ രോഗികളുടെ ചികിത്സയ്ക്ക് 400എംജി കൂടുതല്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പിനി വൈസ് പ്രസിഡന്റ് മോണിക്ക ടാണ്ടന്‍ അറിയിച്ചു. മരുന്ന് എത്രമാത്രം ഫലപ്രദമാണ് എന്ന് നിരീക്ഷിക്കാന്‍ വേണ്ട നടപടികളും കമ്പിനി സ്വീകരിച്ചിട്ടുണ്ട്.