ന്യൂയോര്‍ക്ക് : അഫ്ഗാന്‍ പിടിച്ച് അടക്കിയ താലിബാനികളെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഫേസ്ബുക്ക്. താലിബാന്‍ ഭീകരസംഘടനയാണെന്ന് ഫേസ്ബുക്ക് വീണ്ടും വ്യക്തമാക്കി. താലിബാന്റെ വാട്‌സ് ആപ്പ് അക്കൗണ്ടും ഫേസ്ബുക്കിലെ പോസ്റ്റുകളും അടിയന്തിരമായി നീക്കിയാണ് ഫേസ്ബുക്കിന്റെ നടപടി. വിവിധ രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കുന്നതിനിടെയാണ് ഫേസ്ബുക്ക് നയം കടുപ്പിച്ചത്.
അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഫേസ്ബുക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. താലിബാനുമായി ബന്ധപ്പെടുന്ന എല്ലാ വാട്‌സ് ആപ്പ് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഗുരുതരമായ പ്രശ്‌നമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യും’ ഫേസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ലോകരാജ്യങ്ങളെ ബാധിക്കുന്നതും ആഗോള സമാധാനത്തിന് ഭീഷണിയാകുന്നതുമായ ഒന്നും പ്രോത്സാഹിപ്പിക്കില്ലെന്ന നയം ഫേസ് ബുക്ക് ആവര്‍ത്തിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരേയും എടുത്ത നടപടി ഫേസ് ബുക്ക് എടുത്തുപറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചതിന്റെ വിവരം പുറത്തുവിട്ടത്. ട്വിറ്റര്‍ താലിബാന് സഹായം നല്‍കുന്നതിനെതിരെ വിദേശമാദ്ധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാന്‍ നടത്തുന്നത്. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞിരിക്കുന്നു. രാജ്യം വീണ്ടും ആഗോള ഭീകരരുടെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് താലിബാന്റെ ഉദ്ദേശ്യമെന്നും മാദ്ധ്യമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.