തുലാപ്പള്ളി : കണ്മുൻപിൽ കണ്ട അപകടത്തിന്‍റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെ എസ് ആർ ടി സി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരി എടുത്തത് 15 ജീവനുകൾ.
എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിയുമ്പോൾ പിറകിൽ കണമല ഇറക്കത്തിന്റെ പാതി പിന്നിട്ട എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർ ഫൈസലിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. തലകുത്തി മറിഞ്ഞു വീണ ബസിന് സമീപം കെ എസ് ആർ ടി സി ബസ് നിർത്തി ഓടിയിറങ്ങവേ ചുറ്റും നിലവിളികൾ. ഓടിയെത്തിയ അയൽവാസികളും ഡ്യൂട്ടിക്ക് പോകാനായി ബൈക്കിൽ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കൂടെ ഓടിയിറങ്ങി.
ക്രാഷ് ബാരിയറിന് അടിയിൽ കുടുങ്ങി കിടക്കുന്ന ഡ്രൈവർ ഉൾപ്പെടെ രണ്ടു പേര്. എടുക്കാൻ തുടങ്ങിയെങ്കിലും കാലു കുടുങ്ങി കിടക്കുന്നതിനാൽ അപകടമാണെന്ന് മനസിലായി. ബസിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അപകടത്തിൽ പെട്ട ഡ്രൈവർ പറഞ്ഞതോടെ റബർ മരങ്ങളിൽ തട്ടി കുഴിയിലേക്ക് വീഴാതെ തൂങ്ങി നിന്ന ബസിൽ ജോഷിമോനും ചാടിക്കയറി ആളുകളെ പുറത്തെത്തിച്ചു. മറ്റു ചിലർ മറിഞ്ഞു കിടന്ന ബസിനിടയിൽ കൂടി നിരങ്ങി മുൻപിൽ എത്തി. ഇവരെയും നിലത്തിറക്കി. വിരലറ്റവരും പരിക്കേറ്റവരുമായി 15 പേരെ കെ.എസ്.ആര്‍.ടി.സി ബസിൽ കയറ്റി. തിരിക്കാൻ ഇടമില്ലാത്തതിനാൽ മുൻപോട്ട് തന്നെ പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചു. സംഭവം നടന്ന വിവരം എരുമേലി പോലീസിൽ അപ്പോൾ തന്നെ വിളിച്ചറിയിച്ചതും കെ എസ് ആർ ടി സി ജീവനക്കാരാണ്.
ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീർത്ഥാടകരുടെ മൊബൈൽ ഫോണും ഇവർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മുടങ്ങിയ ട്രിപ്പ് വൈകി ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്ക് ആരംഭിച്ചപ്പോഴും അന്യനാട്ടിൽ നിന്നെത്തി അപകടത്തിൽ പെട്ട ശബരിമല തീർത്ഥാടകരെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റിയ സന്തോഷത്തിലാണ് ഫൈസലും ജോഷി മോനും. എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയാണ് കെ എസ് ആർ ടി സി ഡ്രൈവർ ആയ ഫൈസൽ. മുൻപ് കളിയിക്കാവിള സർവീസിനിടെ ബസിൽ ബോധം കെട്ടു വീണ പെൺകുട്ടിയെ ബസുമായി ആശുപത്രിയിൽ എത്തിച്ച ചരിത്രവും ഫൈസലിനുണ്ട്. കണ്ടക്ടർ ജോഷി മോൻ എരുമേലി ചാത്തൻതറ സ്വദേശിയാണ്.