ബംഗളൂരു: ന്യൂഡൽഹി-ബംഗളൂരു പാതയിൽ സർവീസ് നടത്തുന്ന കർണാടക എക്സ്പ്രസ് ട്രയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് റെയിൽവേ കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വാഡി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട് നാല് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയിൽവേ പോലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലിൽ വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു. ഗുണ്ടക്കലിലേക്കുള്ള യാത്രക്കിടയിലാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. പരിശോധനക്കിടെ യാത്രക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. എന്നാൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതർ സ്ഥിരീകരിച്ചു.