അടൂർ : ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തു പ്രവർത്തിക്കുന്ന അടൂരിലെ അതിവേഗ സ്പെഷൽ കോടതിയിൽ ഇ-മെയിലിലൂടെ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 8.30-നാണ് കോടതിയുടെ ഔദ്യോഗിക മെയിലിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഓഫിസ് പ്രവർത്തനം തുടങ്ങിയതിനു ശേഷം 11.15നാണ് സന്ദേശം ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. ഗോവിന്ദ് ഗർജ് എന്ന പേരിലുള്ള ഇ മെയിൽ വിലാസത്തിൽ നിന്നും ഇംഗ്ലിഷ്, തമിഴ് ഭാഷകളിലാണ് സന്ദേശം എത്തിയത്. ആർഡിഎക്സുമായി കോടതിയിൽ കടന്ന് സ്ഫോടനം നടത്തുമെന്നുള്ള ഭീഷണിയോടെയാണ് സന്ദേശം ആരംഭിക്കുന്നത്.
സന്ദേശം ലഭിച്ചപ്പോൾ തന്നെ ജീവനക്കാർ ജഡ്‌ജി ടി.മഞ്ജിത്തിന്റെ ശ്രദ്ധയിൽപെടുത്തി. ജഡ്‌ജിയുടെ നിർദേശ പ്രകാരം ജില്ലാ കോടതിയെ അറിയിച്ചു. അവിടെ നിന്നും പോലീസിനെ വിവരമറിയിച്ചു. ഭീഷണി സന്ദേശ വിവരമറിഞ്ഞ് അടൂർ ഡിവൈഎസ്‌പി ജി.സന്തോഷ്കുമാർ, എസ്ഐ കെ.നകുലരാജൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്‌ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് ബോംബ് സ്ക്വാ ഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ല.