കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കാസർകോട് കാഞ്ഞങ്ങാട്ട് കണ്ടെത്തി. മൂന്ന് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ വ്യാജമായി നിര്‍മ്മിക്കുന്ന കേന്ദ്രമാണ് കാഞ്ഞങ്ങാട്ട് കണ്ടെത്തിയത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നെറ്റ് 4 യു കഫേ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സെന്‍റര്‍ ഉടമ കൊവ്വല്‍പ്പള്ളിയിലെ സന്തോഷ് കുമാര്‍, മുഴുക്കോം ക്ലായിക്കോട്ടെ പി രവീന്ദ്രന്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഷിഹാബ്, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്ന് രവീന്ദ്രനാണ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുക. ഷിഹാബ് തന്‍റെ വീട്ടില്‍ നിന്ന് ഇത് പ്രിന്‍റെടുത്ത് സീല്‍ പതിക്കും. സ്ഥാപന ഉടമ സന്തോഷ് കുമാര്‍ അറിഞ്ഞുകൊണ്ടാണ് വ്യാജ നിര്‍മ്മാണമെന്ന് പോലീസ് പറയുന്നു. കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മ്മിച്ച ഡ്രൈവിംഗ് ലൈസന്‍സുകളും കേരളത്തിലേയും കര്‍ണാടകത്തിലേയും വിവിധ ആർ ടി ഒ സീലുകളും ഷിഹാബിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.