മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പ്രവാസികളില്‍ നിന്ന് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. പരാതിയില്‍ വളാഞ്ചേരി ലാബ് മാനേജര്‍ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പോലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയര്‍ലൈന്‍സുകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ അവിടുത്തെ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്.
ഒരാളില്‍ നിന്ന് 2250 രൂപയാണ് അര്‍മ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45ലക്ഷത്തിലേറെ രൂപയാണ്. സംസ്ഥാനത്താദ്യം കൊവിഡ് ടെസ്റ്റിന് ഐസിഎംആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്.
മലപ്പുറം വളാഞ്ചേരിയിലെ മൈക്രോ ലാബിന്‍റെ ഫ്രാഞ്ചൈസി ആയി പ്രവര്‍ത്തിക്കുന്ന അര്‍മ ലാബ് 2500 പേരുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും ഇതില്‍ 490 പേരുടെ സ്വാബ് മാത്രം മൈക്രോ ലാബിന് അയച്ച് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്‍റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു, എന്നാല്‍ ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ സൗദിയിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവായി.
ഇവരുടെ പരാതിയെ തുടര്‍ന്ന് അര്‍മ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാബ് ഉടമ ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ സാദത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കിയിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്കും സ്രവശേഖരണത്തിനും സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ പോയതാണ് പ്രശ്നകാരണം. വിവരങ്ങളപ്പോള്‍ ഒരു പൊതുസോഫ്റ്റ് വെയറിലേക്ക് മാറ്റിയിരുന്നുവെങ്കില്‍ തട്ടിപ്പ് തടയാമായിരുന്നു.