കോഴിക്കോട് : യുവാക്കൾക്ക് 5 മാസം ജയിലിൽ കഴിയേണ്ടി വന്ന വ്യാജ ലഹരി കേസ് എടുത്ത സംഭവം ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനമായി. കൽക്കണ്ടപ്പൊടിയെ എംഡിഎംഎ എന്ന് വരുത്തി വ്യാജ ലഹരി കേസ് എടുത്ത നടക്കാവ് പോലീസിന്റെ നടപടി ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുവാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൻമേലാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ വാരത്തെ നന്ദനം വീട്ടിൽ മണികണ്ഠൻ, കാസർഗോഡ് കോളിച്ചാൽ ഞരളേറ്റ് വീട്ടിൽ ബിജു മാത്യു എന്നിവരെ പ്രതിയാക്കിയാണ് നടക്കാവ് പോലീസ് കേസ് എടുത്തത്. കൽക്കണ്ടപ്പൊടിയാണ് തങ്ങളുടെ കൈവശം ഉള്ളതെന്ന് അറിയിച്ചിട്ടും എംഡിഎംഎ കൈവശം വെച്ചുവെന്ന് കാണിച്ച് വ്യാജ ലഹരി കേസ് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. 15 ദിവസത്തിനുള്ളിൽ പുറത്ത് വരേണ്ട കെമിക്കൽ അനാലിസിസ് റിപ്പോർട്ട് 5 മാസം കഴിഞ്ഞപ്പോഴാണ് കോടതിയിൽ എത്തിയത്. ലാബ് റിപ്പോർട്ട് കോടതി പരിശോധിച്ചപ്പോൾ ലഹരി വസ്തു അല്ലെന്ന് തെളിയുകയും 5 മാസം ജയിൽ വാസം അനുഭവിച്ച് കഴിഞ്ഞ നിരപരാധികളായ യുവാക്കൾ ജയിൽ മോചിതമാവുകയും ചെയ്തു. എന്നാൽ കള്ള കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത നിലപാട് ഉണ്ടായതോടെയാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.