തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മാസങ്ങളോളം ജയിലില്‍ കിടന്ന ഷീല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. ഇതിന് പിന്നാലെയാണ് ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ടാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ എത്തിച്ചത്.
ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. മെയ് 12 ന് എല്‍എസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാന്‍ എക്‌സൈസ് തയ്യാറായില്ല. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ഷീലയുടെ ഫോണും സ്‌കൂട്ടറും തിരികെ നല്‍കിയിട്ടുമില്ല.