കൊച്ചി: ചാലക്കുടിയിലെ വീട്ടമ്മ ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി മരുന്ന് കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി യുവതി ഹൈക്കോടതിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് ഹര്‍ജി നല്‍കിയത്. ലഹരിമരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്ന് കാട്ടിയാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ യുവതി ആരോപിക്കുന്നു.
എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാന്‍ എക്‌സൈസ് ശ്രമിക്കുന്നുവെന്നും യുവതി ആരോപിച്ചു. ഷീല സണ്ണിയ്ക്ക് തന്റെ കുടുംബത്തോട് വ്യക്തിവിരോധമുണ്ട്. കടബാധ്യത തീര്‍ക്കാന്‍ 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ പേരില്‍ ഭൂമി നല്‍കാനും നിര്‍ബന്ധിച്ചു. ഇതിന് തടസ്സം നിന്നതില്‍ തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു.