തിരുവല്ല : തിരുവല്ല പുഷ്പഗിരി ആശുപത്രിയെ ലക്ഷ്യമാക്കി വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 60 വർഷത്തിലധികമായി ആരോഗ്യപരിപാലന രംഗത്ത് നിലകൊള്ളുന്ന പുഷ്പഗിരി ആശുപത്രി കോവിഡ് 19 നെ ചെറുക്കാൻ സുസജ്ജമാണ്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൊതുജനങ്ങൾക്ക് ചികിത്സ നൽകുന്നത്. എന്നാൽ പുഷ്പഗിരിയിൽ കോവിഡ് ബാധിതർ ഉണ്ടെന്ന നിലയിലിലുള്ള വ്യാജ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ആവശ്യമായ വിശ്രമം നല്കണം എന്ന ലക്ഷ്യത്തോടുകൂടി ഒരു ആരോഗ്യ പ്രവർത്തകൻ/പ്രവർത്തക 15 ദിവസം മാത്രം ജോലി ചെയ്‌താൽ മതിയെന്ന തീരുമാനം നേരത്തെ തന്നെ മാനേജ്‌മന്റ് കൈക്കൊണ്ടിരുന്നു.
അത്തരത്തിൽ ലീവിൽ പോയിരുന്ന ഏകദേശം 14 ദിവസത്തോളം പുഷ്പഗിരി ക്യാമ്പസിൽ നിന്നും മാറി നിന്നിരുന്ന ഒരു സിസ്റ്ററിനെ ബദ്ധപ്പെടുത്തിയാണ് ഈ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചില വ്യക്തികൾ മനഃപൂർവ്വം മെനഞ്ഞെടുത്ത ചില വാർത്തകൾ ആശുപത്രിക്ക് എതിരായ രീതിയിൽ റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കുകവരെ ചെയ്തു. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പുഷ്പഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ വാർത്ത കുറിപ്പിൽ അറിയിച്ചു.