കോഴിക്കോട്: ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയിൽതാഴം ശാഖയിലെത്തിച്ച കറൻസിയിലാണ് 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്. ജൂൺ 20-ന് ആണ് സംഭവം. സ്ഥലത്തെ അയൽക്കൂട്ടത്തിന്റെ പേരിൽ സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് പണമെത്തിച്ചപ്പോഴാണ് ഇത്രയുംതുക വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സഹകരണ ബാങ്കിന്റെ ജനറൽ മാനേജരുടെ പരാതിയിൽ കസബ പോലീസ് ജൂലായ് രണ്ടിന് കേസെടുത്തു.
ഒന്നാംതീയതി നിക്ഷേപത്തിൽ കുറവുള്ള 15,500 രൂപ സഹകരണ ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്ന് അയൽക്കൂട്ടത്തിലെ അംഗം അടച്ചിരുന്നു. അയൽക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗത്തിന് വ്യാജനോട്ടുകൾ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണ്. ബാങ്കിലേക്ക് കൊണ്ടുവന്ന മൊത്തമുള്ള 54,400 രൂപയിലാണ് 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്. പണവുമായി എത്തിയ അയൽക്കൂട്ടത്തിലെ അംഗത്തിന് വർഷങ്ങളായി ഇതേ സഹകരണ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഇത് കൂടാതെ ഇവർ സ്വർണം പണയം വെച്ചിട്ടുമുണ്ട്.