ചെന്നൈ : പോലീസാണെന്ന വ്യാജേന കറങ്ങി നടന്ന് പിടിയിലായ ചെന്നൈ സ്വദേശി സി.വിജയൻ (41) രാഷ്ട്രീയ നേതാക്കളുടെയടുത്തും തട്ടിപ്പ് നടത്തിയെന്ന് സംശയം. പോലീസായി മാത്രമല്ല മാധ്യമപ്രവർത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് പ്രതി ആളുകളെ സമീപിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ തമിഴ് നാട്ടിലെയും അയൽസംസ്ഥാനങ്ങളിലെയും പ്രധാന സർക്കാർ ഓഫീസുകളിൽപ്പോലും പ്രതി കയറിയിറങ്ങിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദി, മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർക്കൊപ്പവും ഒട്ടേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പവും എടുത്തതെന്നു കരുതുന്ന പ്രതിയുടെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു. ഇവ യഥാർഥമാണോ സാങ്കേതിവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണോയെന്ന് വ്യക്തമല്ല. ഈ ചിത്രങ്ങൾ കാണിച്ചാണ് പ്രതി ആളുകളുടെ വിശ്വാസ്യത നേടിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. വീട്ടുകാരെയും ഇത്തരത്തിൽ കബളിപ്പിച്ചിരുന്നു.
പോലീസുദ്യോഗസ്ഥനെന്ന വ്യാജേനയാണ് പ്രതി കൂടുതലും വിലസിയിരുന്നത്. ചെന്നൈയ്ക്ക് പുറത്ത് പോലീസാണെന്ന പേരിൽ തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥനായി നിന്ന് പണവും തട്ടിയിരുന്നു. കേസന്വേഷണത്തിന് പോവുകയാണെന്നാണ് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. ചെന്നൈയിലെ പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കഴിഞ്ഞ ദിവസം കേരളത്തിൽ സന്ദർശനം നടത്തി മടങ്ങവെ ദിണ്ടിക്കലിൽനിന്നാണ് വിജയൻ പോലീസിന്റെ പിടിയിലായത്.
ഇയാൾ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചരക്കുലോറി ട്രാൻസ്പോർട്ട് ബിസിനസ് നടത്തിയിരുന്ന വിജയൻ നഷ്ടം നേരിട്ട് കുറേ നാൾ വീട്ടിലിരുന്നതായി പോലീസ് പറയുന്നു. വരുമാനമില്ലാത്ത ഇയാളെ പ്ലേ സ്കൂൾ നടത്തിയിരുന്ന ഭാര്യ എന്നും കുറ്റപ്പെടുത്തുമായിരുന്നു. ഇതു സഹിക്കാനാകാതെയാണ് പ്രതി വ്യാജവേഷം കെട്ടാൻ ആരംഭിച്ചത്.
പെട്ടെന്നൊരു ദിവസം പോലീസിൽ നിയമനം ലഭിച്ചെന്ന് അവകാശപ്പെടുകയായിരുന്നു. ഐ.ഡി കാർഡും യൂണിഫോമും പോലീസ് വാഹനവുമടക്കം വ്യാജമായുണ്ടാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിലാണെന്നാണ് പറഞ്ഞിരുന്നത്. പട്ടിവീരൻപട്ടിക്കടുത്തുളള ടോൾ ഗേറ്റിൽ വെച്ചാണ് കമ്മിഷണറായിനടിച്ചുവന്ന വിജയനെ പോലീസ് അറസ്റ്റുചെയ്തത്. ഈ ഭാഗത്ത് പരിശോധന നടത്തിയിരുന്ന പോലീസാണ് രാത്രി പോലീസ് സ്റ്റിക്കറും സൈറൻ ലൈറ്റോടെയും വന്ന വാഹനം നിർത്തി പരിശോധിച്ചത്. എസ്.പി ഓഫീസിലെ വിവരത്തെത്തുടർന്നാണ് നടപടി.
കാറിലുണ്ടായിരുന്നയാൾ താൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണറാണെന്നും അന്വേഷണത്തിന് വന്നതാണെന്നും പറഞ്ഞു. പിന്നീട് ഐ.ഡി കാർഡ് പരിശോധിച്ചതിൽ വ്യാജ ഐ.ഡി കാർഡാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്തു. വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന യൂണിഫോം, വ്യാജ തോക്ക് എന്നിവ പിടിച്ചെടുത്തു. ടോൾ ഗേറ്റിനടുത്തുളള തോട്ടത്തിൽ വലിച്ചെറിഞ്ഞ മറ്റൊരു വ്യാജ തോക്കും തിങ്കളാഴ്ച കാലത്ത് പോലീസ് പിടിച്ചെടുത്തു.
ജോലി ഇല്ലാത്തതിനാൽ ഭാര്യ ചീത്ത പറഞ്ഞിരുന്നു. പോലീസാകണമെന്നുള്ള ആഗ്രഹത്താലാണ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറായി നടിച്ചതെന്നും ഇയാൾ മൊഴിനൽകി.വിജയൻ ഉപയോഗിച്ചിരുന്ന പോലീസ് ജീപ്പ് കോയമ്പത്തൂരിലുള്ള ജയമീനാക്ഷി എന്ന വ്യക്തിയുടേതാണ്.
ഈ പോലീസ് ജീപ്പ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അസിസ്റ്റന്റ് കമ്മിഷ്ണറുടെ വാഹനംപോലെ മാറ്റിയിരുന്നു. രജിസ്റ്റർ നമ്പർ മാറ്റി ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെപ്പോലെ കഴിഞ്ഞ പത്തു മാസങ്ങളായി വേഷംമാറി നടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.