ധാക്ക: ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതിനുപിന്നാലെ തന്റെ കുടുംബം ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്നും അമ്മാവന്റെ കട പ്രക്ഷോഭകര്‍ നശിപ്പിച്ചെന്നും യുവപ്രൊഫഷണലായ തനുശ്രീ ഷാഹ പറഞ്ഞു. ഇതോടെ ഹിന്ദുക്കളായ തന്റെ സുഹൃത്തുക്കളെല്ലാം പേടിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ അയല്‍രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്തേക്കുപോകാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു.
ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തി. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ചപിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഭരണവിരുദ്ധപ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി. ജൂലായ് പാതിയോടെ ആരംഭിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഇരുനൂറിലേറെ ആക്രമണങ്ങള്‍ ബംഗ്ലാദേശിലുണ്ടായെന്ന് മനുഷ്യാവകാശസംഘടനകള്‍ പറയുന്നു.