തൃക്കാക്കര : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിൻറെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ലത്തീഫ് ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്. മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ. അദ്ദേഹത്തിൻറെ ഫേസ് ബുക്ക് പോസ്റ്റുകൾ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ തയാറാവണമെന്നും ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസിൽ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു എന്ന് പിഎംഎ സലാം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിത്. പിടിയിലായ അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനല്ല. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ല എന്ന് പിഎംഎ സലാം പറഞ്ഞു. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പോലീസ് വ്യക്തമാക്കിയിരുന്നു. ഇയാളാണ് വിവാദ വീഡിയോ ചെയ്തത്. അബ്ദുൾ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം കിട്ടിയെന്നാണ് കൊച്ചി പോലീസ് വ്യക്തമാക്കുന്നത്.