തിരുവല്ല : ഡൽഹി അന്തർദേശീയ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലയിൽ നിന്നും മസാലദോശ കഴിച്ച കുടുംബത്തിന് ഭാക്ഷ്യവിഷബാധ. ടെർമിനൽ രണ്ടിലുള്ള “ദോശ ഫാക്ടറി” എന്ന ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച തിരുവല്ല സ്വദേശി ജോസ് എബ്രഹാമിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ജോസ് ഉള്‍പ്പെടെ മൂന്നു പേരാണ് ജയപ്പുരിലേക്കുള്ള യാത്രാമധ്യേ ഇവിടെനിന്നും ആഹാരം കഴിച്ചത്. സ്ഥാപന മേധാവിക്ക് ഇവര്‍ പരാതി നല്‍കിയതോടെ “ദോശ ഫാക്ടറി” മാനേജ്മെന്റ് ക്ഷമാപണം നടത്തി തലയൂരി. ഈ സ്ഥാപനത്തിന് ഡൽഹി കൂടാതെ ചെന്നൈ, ബാംഗ്ലൂർ, ഹൈദ്രബാദ്, മുംബൈ വിമാനത്താവളങ്ങളിലും ഭക്ഷണശാലകളുണ്ട്. അന്തർദേശീയ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം നല്‍കിയത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഭക്ഷ്യവിഷബാധയിലൂടെ മരണം പോലും സംഭവിക്കാമായിരുന്നെന്നും ജോസ് എബ്രഹാം പറഞ്ഞു. സ്ഥാപനത്തിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയത് കൂടാതെ യൂണിയന്‍ ഹെല്‍ത്ത് മിനിസ്റ്റര്‍, സ്റ്റേറ്റ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഡല്‍ഹി, സിവില്‍ ഏവിയേഷന്‍ ഉന്നതാധികാരികള്‍, സിവില്‍ ഏവിയേഷന്‍ വിജിലന്‍സ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ജോസ് എബ്രഹാം പത്തനംതിട്ട മീഡിയായോട് പറഞ്ഞു.
ഒക്ടോബർ 18 ന് ആയിരുന്നു സംഭവം. കൊച്ചി – ഡല്‍ഹി, ഡല്‍ഹി – ജയപ്പുര്‍ ആയിരുന്നു യാത്ര. വൈകുന്നേരം 6 മണിയോടെ ഡൽഹി അന്തർദേശീയ വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിൽ ഇവര്‍ എത്തി. ജയപ്പുരിലേക്ക് പോകുവാനുള്ള ഇൻഡിഗോ 6E 2042 വിമാനം രാത്രി 08.45 നായിരുന്നു. ഇതിനിടയില്‍ വൈകുന്നേരം ആറരയോടെ ജോസും കുടുംബവും ഭക്ഷണം കഴിക്കാന്‍ ടെർമിനൽ രണ്ടിലുള്ള ദോശ ഫാക്ടറി എന്ന ഭക്ഷണശാലയിൽ കയറി. മൂന്നുപേര്‍ക്കും മസാല ദോശയാണ് ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിൽ അരുചി തോന്നിയെങ്കിലും ഒരു അന്തർദേശീയ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലയിൽ പഴകിയ ഭക്ഷണം ഉണ്ടാകാനിടയില്ല എന്ന വിശ്വാസത്തിൽ കഴിച്ചു. മൂന്നു മസാല ദോശക്ക് ജി.എസ്.ടി ഉള്‍പ്പെടെ 778 രൂപ ബില്ലും നല്‍കി. ഈ സമയം കൗണ്ടറിൽ തനിക്കുണ്ടായ അനുഭവം പരാതിയായി പറയുകയുമുണ്ടായി. ഇതിനെത്തുടര്‍ന്ന് പാചകക്കാരൻ ഒരു സ്പൂൺ മസാല എടുത്തു രുചിച്ചു നോക്കുകയും മസാലക്ക് രുചിവ്യത്യാസം ഉണ്ടെന്നു ബോധ്യമായതിനാൽ വേഗംതന്നെ മസാല പാത്രം അവിടെനിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഇതോടെ തങ്ങള്‍ കഴിച്ചത് പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം ആണെന്ന് മനസ്സിലായതായി ജോസ് പറഞ്ഞു.
രാത്രി 08.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് ജയപ്പുരിൽ എത്തിയെങ്കിലും പിറ്റേദിവസം വയറിനു സുഖമില്ലാതെ മൂന്നുപേരും ചികിത്സതേടി. ഈ വിവരം മെയിൽ മുഖേന സ്ഥാപനത്തിന്റെ അധികാരികളെ അറിയിച്ചപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ആവശ്യമെങ്കിൽ ഭക്ഷണത്തിന് വാങ്ങിയ തുക മടക്കിതരാമെന്നും “ദോശ ഫാക്ടറി” യുടെ ജനറൽ മാനേജര്‍ മറുപടി നല്‍കി. വിദേശീയര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്നതാണ് ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട്. അതീവ സുരക്ഷയുള്ള എയര്‍പോര്‍ട്ടിലെ ഭക്ഷണശാലയിൽ പഴകിയ ഭക്ഷണം വിളമ്പുന്നത് ഏറെ ഗൌരവമേറിയ കുറ്റമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും അന്യായ വിലകൊടുത്ത് ഭക്ഷണം കഴിക്കാൻ നിർബന്ധിതരാകുന്ന യാത്രക്കാരോട് ചെയ്യുന്ന കൊടിയ ക്രൂരത ക്ഷമിക്കത്തക്കതല്ലെന്നും ജോസ് ഏബ്രഹാം പറഞ്ഞു.